ലോകകപ്പ് ഫുട്‌ബോളിന്‌ ഖത്തറിൽ ഇന്ന്‌ കിക്കോഫ്

Share to

Perinthalmanna Radio
Date: 20-11-2022

ദോഹ: മരുഭൂമിയിലെ തമ്പുപോലുള്ള ഖത്തറിലെ സ്റ്റേഡിയങ്ങളിലേക്ക് ഇതാ പല ഭൂഖണ്ഡങ്ങളിലെ ആളും ആരവങ്ങളും ഇരച്ചെത്തുന്നു. ഇനിയുള്ള ഒരുമാസം ലോകം ഇവിടെ സന്ധിക്കും. കാൽപ്പന്തുകൊണ്ടുള്ള 64 മത്സരങ്ങൾ ഒരു പുതിയ ലോകക്രമം സൃഷ്ടിക്കും. അതിൽ കലഹവും കണ്ണീരും കാരുണ്യവുമെല്ലാമുണ്ടാകും.

22-ാമത് ഫുട്ബോൾ ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 9.30-ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിനമേരിക്കൻ പ്രതിനിധികളായ എക്വഡോറിനെ നേരിടും. ഉദ്ഘാടന ചടങ്ങ് രാത്രി 7.30-ന് തുടങ്ങും.

ഭൂമിയിലെ ഏറ്റവും ആവേശകരമായ കായികപ്പോരാട്ടത്തിന് ഖത്തർ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുന്നു. ‘ഒത്തൊരുമിച്ച് വരൂ’ എന്ന് അർഥമുള്ള ഹയ്യാ എന്ന ഗാനത്തിന്റെ അലയൊലികൾ ഖത്തറിൽ അലയടിക്കുന്നു. ഹയ്യാ ഹയ്യാ എന്നാണ് ഈ ടൂർണമെന്റിന്റെ തീം സോങ്.

എട്ടു സ്റ്റേഡിയങ്ങളിലായി 32 ടീമുകൾ പങ്കെടുക്കുന്ന 64 മത്സരങ്ങൾക്കൊടുവിൽ ഡിസംബർ 18-ന് ലുസൈൽ സ്‌റ്റേഡിയത്തിൽ ഫുട്ബോളിലെ പുതിയ രാജാക്കന്മാരുടെ കിരീടധാരണം. ശൈത്യ കാലത്തു നടക്കുന്ന ആദ്യ ലോകകപ്പാണിത്.

ആരാധകരുടെ പ്രിയപ്പെട്ട ടീമുകളായ ബ്രസീലും അർജന്റീനയും ലാറ്റിനമേരിക്കയുടെ പ്രതിനിധികളായി ഖത്തറിലെത്തുന്നു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, ഹോളണ്ട്, സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ യൂറോപ്യൻ വമ്പന്മാരും അണിനിരക്കുന്നു. യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലി, കഴിഞ്ഞതവണത്തെ ആതിഥേയരായ റഷ്യ, ലാറ്റിനമേരിക്കൻ ശക്തികളായ ചിലി, കൊളംബിയ തുടങ്ങിയ ടീമുകൾ ഇത്തവണയില്ല.

ശൈത്യകാലത്തു നടക്കുന്ന ആദ്യ ലോകകപ്പെന്ന വിശേഷണവുമായാണ് ഖത്തർ ലോകകപ്പ് അരങ്ങേറുന്നത്. ഓഫ് സൈഡ് കണ്ടെത്താനുള്ള പുതിയ സാങ്കേതികവിദ്യ, വനിതാ റഫറിമാർ തുടങ്ങിയ പുതുമകൾ ഈ ലോകകപ്പിനുണ്ട്. ലോകഫുട്‌ബോളിലെ സൂപ്പർ താരങ്ങളായ അർജന്റീനയുടെ ലയണൽ മെസ്സി, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീലിന്റെ നെയ്‌മർ, പോളണ്ടിന്റെ ലെവൻഡോവ്‌സ്‌കി തുടങ്ങിയവർക്ക് ഇത്‌ അവസാന ലോകകപ്പായിരിക്കുമെന്നു കരുതുന്നു. അതുകൊണ്ടുതന്നെ വിജയത്തിനായി ഇവർ അവസാനതുള്ളി വിയർപ്പുമൊഴുക്കുമെന്നു കരുതാം.

മലയാളികൾക്ക് അവരുടെ നാട്ടിൽ നടക്കുന്ന ലോകകപ്പു പോലെയാണിത്. മത്സരം കാണാൻ ആയിരക്കണക്കിനു മലയാളികൾ ഖത്തറിൽ എത്തിക്കഴിഞ്ഞു. ലോകകപ്പ് സംഘാടനത്തിലും ഒട്ടേറെ മലയാളികളുടെ അധ്വാനമുണ്ട്.

Share to

Leave a Reply

Your email address will not be published. Required fields are marked *