ജില്ലയിലെ റെയിൽവേ സ്വപ്നങ്ങളെല്ലാം ചുവപ്പു സിഗ്നലിൽ കുടുങ്ങി കിടക്കുന്നു

Share to

Perinthalmanna Radio
Date: 12-12-2022

അങ്ങാടിപ്പുറം: ബജറ്റിൽ വരും, ചിലപ്പോ സർവേയും നടക്കും, എന്നാൽ പാളമന്വേഷിച്ചാൽ കടലാസിലേ കാണൂ. പതിറ്റാണ്ടുകളായി ജില്ലയിലെ റെയിൽവേ സ്വപ്നങ്ങളെല്ലാം ചുവപ്പു സിഗ്നലിലാണ്. പുതിയ നഗരങ്ങളിലേക്ക് പാത നീട്ടാനുള്ള റെയിൽവേ ശ്രമം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും പാളം തെറ്റിയ എണ്ണമറ്റാത്ത പ്രഖ്യാപനങ്ങൾ പോലെയാകുമോ എന്ന ആശങ്ക ബാക്കി. ദാ, ഇപ്പോ വന്നു എന്നമട്ടിലായിരുന്നു നിലമ്പൂർ -നഞ്ചൻകോട് പാത. എങ്ങുമെത്തിയില്ല. അങ്ങാടിപ്പുറം – ഫറോക്ക്, ഗുരുവായൂർ -തിരുനാവായ, അങ്ങാടിപ്പുറം- തിരൂർ, മേലാറ്റൂർ -കോഴിക്കോട്, നിലമ്പൂർ -ഫറോക്ക് തുടങ്ങി എത്ര പാതകളുടെ പേരുപറഞ്ഞ് കൊതിപ്പിച്ചു ഈ നാടിനെ ? ഏറ്റവും ഒടുവിലത്തേതാണ് മലപ്പുറം, മഞ്ചേരി നഗരങ്ങളെ റെയിലുമായി ബന്ധിപ്പിക്കണമെന്ന നിർദേശം. അഞ്ചു കിലോമീറ്റർ പരിധിയിൽ റെയിലില്ലാത്ത അരലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങളെ റെയിൽവേയുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നാണ് കഴിഞ്ഞ മാസം റെയിൽവേ മന്ത്രാലയം പുറപ്പെടുവിച്ചത്. ആ പട്ടികയിലാണ് ഇവിടുത്തെ ജില്ലാ ആസ്ഥാനമടക്കമുള്ള രണ്ട് നഗരങ്ങൾ ഇടം പിടിച്ചത്. പക്ഷേ, ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നിർമിച്ച രണ്ട് പാതകളല്ലാതെ വേറൊന്നും കിട്ടാത്ത മലപ്പുറം ഇതിൽ മോഹം വെക്കുന്നതിൽ അർഥമുണ്ടോ ?

എറണാകുളത്തെയും െബംഗളൂരുവിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന നിലമ്പൂർ -നഞ്ചൻകോട് പാത എങ്ങുമെത്താത് ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാണ്. 176 കിലോമീറ്ററിൽ വരുന്ന പാത െബംഗളൂരുവിലേക്കുള്ള യാത്രാസമയം കുറയ്ക്കുന്നതിനോടൊപ്പം വയനാടിനെ റെയിൽവേ ഭൂപടത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യും. 2016- ലാണ് റെയിൽവേ ബജറ്റിൽ നഞ്ചൻകോട് – ബത്തേരി- നിലമ്പൂർ പാതയ്ക്ക് അനുമതി ലഭിക്കുന്നതും പിങ്ക് ബുക്കിൽ ഉൾപ്പെടുന്നതും. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ പഠനം നടത്തി. പാത പ്രായോഗികവും ലാഭകരവുമാണെന്ന് കണ്ടെത്തി. സർവേയ്ക്ക് രണ്ടുകോടി അനുവദിച്ച് ഉത്തരവായി. എന്നാൽ ആ ഉത്തരവ് പിന്നീട് മരവിപ്പിച്ചു. പിന്നീട് പുരോഗതിയൊന്നും ഉണ്ടായില്ല. കർണാടകസർക്കാർ അനുകൂല നിലപാടെടുത്തിട്ടും പാതിവഴിയിൽ നിലച്ചു. അതിനിടയിൽ ഉയർന്നു വന്ന തലശ്ശേരി – മൈസൂരു പാത ചർച്ച നഞ്ചൻകോടിന്റെ സാധ്യതകളെ പിന്നെയും പുറകോട്ടടിക്കുകയാണ്. അനുമതികിട്ടിയ പാതയുമായി മുന്നോട്ടു പോകാതെ പുതിയ പാതയുടെ ചർച്ചകളാണ് പുരോഗമിക്കുന്നത്.

മലപ്പുറം നഗരത്തിലൂടെ ഒരു പാത എന്നത് പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ്. 2008-ൽ അനുമതി ലഭിച്ച അങ്ങാടിപ്പുറം -ഫറോക്ക് പാതയിലൂടെ ആ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാത്തിരിപ്പ് ബാക്കി. അങ്ങാടിപ്പുറത്ത് നിന്ന് തുടങ്ങി മലപ്പുറം, കൊണ്ടോട്ടി, കരിപ്പൂർ വഴി ഫറോക്കിലേക്ക് എത്തുന്നതാണ് ഈ പാത. സർവേനടത്തി പ്രായോഗികവും ലാഭകരവുമാണെന്ന് കണ്ടെത്തി. 2010-ൽ സർവേ നടപടികൾ പൂർത്തിയായി. 2012-13 കാലഘട്ടങ്ങളിൽ പാത ഒറ്റപ്പാലത്തേക്ക് നീട്ടുന്നത് ഗുണകരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സർവേയ്ക്ക് തുക അനുവദിക്കുകയുംചെയ്തു. 2018-ൽ നിർമാണം വേഗത്തിലാക്കുമെന്ന ഉറപ്പ് ലഭിച്ചെങ്കിലും നീണ്ടുപോയി. റെയിൽവേയുടെ വിഷൻ 2020 പദ്ധതിയിൽ ഉൾപ്പെടുകയും 2020-ൽ പാത പൂർത്തിയാക്കാൻ ലക്ഷ്യമിടുകയും ചെയ്തുവെങ്കിലും നിർമാണം തുടങ്ങാൻപോലും കഴിഞ്ഞില്ല. ഈയിടെ സാമൂഹികമാധ്യമങ്ങൾ വഴിയും പാതയ്ക്കായുള്ള മുറവിളികൾ ഉയർന്നിട്ടുണ്ട്. ആരെങ്കിലും കേൾക്കുമോ

Share to

Leave a Reply

Your email address will not be published. Required fields are marked *