ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ 100 കോടിയുടെ വികസനം നടപ്പാക്കും

Share to

Perinthalmanna Radio
Date: 20-06-2023

അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളിലായി 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്. റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിന്റെ ഭാഗമായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തിയ അദ്ദേഹം പത്ര പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.

കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, അങ്ങാടിപ്പുറം, നിലമ്പൂർ റെയിൽവേ സ്റ്റേഷനുകളിലായാണ് 100 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടക്കുക. ഇതിൽ രണ്ട് ഘട്ടമായി 16 കോടിയുടെ വികസന പ്രവർത്തനങ്ങൾ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ മാത്രം നടക്കും. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ ഡിസംബർ 31-നകം അവസാനിക്കും. രണ്ടാം ഘട്ട പ്രവർത്തനം അടുത്ത വർഷം ജൂൺ മാസത്തോടെയും പൂർത്തീകരിക്കും. റെയിൽവേ സ്റ്റേഷന്റെ പ്രവേശനകവാടം പ്രദേശത്തിന്റെ സാംസ്കാരികത വ്യക്തമാക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്യുന്നത്. രണ്ട് പ്ലാറ്റ് ഫോമുകളിലും ഷെൽറ്ററുകൾ കൂടുതലായി നിർമിക്കും. രണ്ടാംനമ്പർ പ്ലാറ്റ് ഫോമിന്റെ നിലം ആധുനിക രീതിയിൽ നിർമിക്കും. രണ്ട് പ്ലാറ്റ് ഫോമുകളിലും കുടിവെള്ളം ലഭ്യമാക്കും. സ്റ്റേഷനിലെ വിവിധ സേവനങ്ങൾ സംബന്ധിച്ച വിവരം യാത്രക്കാരനു ലഭ്യമാക്കാൻ ഡിജിറ്റൽ ദിശാ ബോർഡുകൾ സ്ഥാപിക്കും. വാഹന പാർക്കിങ് സംവിധാനം കൂടുതൽ വിപുലമാക്കും. യാത്രക്കാർക്ക് ആധുനിക രീതിയിലുള്ള ഇരിപ്പിടസംവിധാനങ്ങൾ ഒരുക്കും. കോവിഡ് കാലഘട്ടത്തിൽ സ്റ്റോപ്പുകൾ നിർത്തലാക്കിയ തീവണ്ടികൾക്ക് സ്റ്റോപ് അനുവദിക്കുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡാണ് തീരുമാനമെടുക്കേണ്ടത്.

വിഷയം റെയിൽവേ ബോർഡിനു മുൻപിൽ അവതരിപ്പിക്കും . അന്വേഷണ കൗണ്ടറുകളിലെ ഫോൺസംവിധാനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കും. ഗുരുവായൂർ ക്ഷേത്രത്തെ മുൻനിർത്തി അവിടുത്തെ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെടുത്തി വ്യത്യസ്ത തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഭക്തജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്ത് തിരുനാവായ -ഗുരുവായൂർ പാത പ്രാവർത്തികമാക്കാൻ സാധിക്കുമോെയന്നതു സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
  …………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *