നോമ്പുകാലത്തെ വരവേൽക്കാൻ; തയ്യാറെടുപ്പുമായി വിശ്വാസികൾ

Share to

Perinthalmanna Radio
Date: 16-03-2023

പെരിന്തൽമണ്ണ:  ഒരു മാസത്തെ വ്രത ശുദ്ധിയുടെ പുണ്യ നാളുകളെ വരവേൽക്കാൻ ഒരുങ്ങി
ഇസ്‌ലാം മത വിശ്വാസികൾ. റമസാനിനെ വരവേൽക്കാൻ മനസ്സിനെയും ശരീരത്തെയും ഒരുക്കുന്നതിനൊപ്പം വീടും പരിസരങ്ങളും പള്ളികളും വൃത്തിയാക്കിയും വ്രതത്തെ വരവേൽക്കുകയാണ് ഓരോ മത വിശ്വാസികളും. പാതിരാത്രി വരെ നീണ്ടു നിൽക്കുന്ന  നമസ്കാരവും ഖുർആൻ പാരായണവും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിക്കുന്ന ഇഫ്താർ സംഗമങ്ങളും മത പ്രഭാഷണങ്ങളും റമസാനിന്റെ പകലിരവുകളെ സജീവമാക്കും. ഓരോ മഹല്ലുകളിലെയും പള്ളികൾ അറ്റകുറ്റപ്പണി നടത്തിയും നിലവിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ പുതുക്കി പണിതുമെല്ലാം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

നോമ്പ് തുറ വിഭവങ്ങൾക്കുള്ള മുന്നൊരുക്കങ്ങളും സജീവമാണ്. നോമ്പ് തുറക്കാനുള്ള പത്തിരി തയ്യാറാക്കുന്നതിനും രാത്രിയിലെ അത്തായത്തിനുള്ള ഭക്ഷണത്തിനുള്ള അരി,​ ഗോതമ്പ്,​ മുളക്,​ മല്ലി മുതലായവ ഉണക്കി മില്ലിൽ കൊണ്ടുപോയി പൊടിച്ച് കൊടുക്കുന്ന തിരക്കിലാണ് ഓരോ വീട്ടുകാരും. മുളകിന്റെയും മല്ലിയുടെയും വില വർദ്ധനവ് ആളുകളെ പ്രയാസത്തിലാക്കുന്നുണ്ട്. ഏതാനം മാസങ്ങളായി ജില്ലയിലെ റേഷൻ കടകൾ വഴി പുഴുക്കലരിക്ക് പകരം പച്ചരിയാണ് വിതരണം ചെയ്യുന്നത് എന്നതിനാൽ ഇത്തവണ പച്ചരിക്ക് വലിയ വിലക്കയറ്റമില്ല. രാവിലെ നേരത്തെ തുറന്നാലും രാത്രി വൈകിയും മില്ല് പ്രവർത്തിപ്പിക്കേണ്ട സ്ഥിതിയിലാണ് റൈസ് മില്ലുകളിലെ തിരക്ക്.

ഇത്തവണ നോമ്പ് കാലമെത്തുന്നത് വേനലിൽ ആണെന്നതിനാൽ പഴം വിപണിയിൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. തമിഴ്‌നാട്ടിൽ നിന്നും വലിയ തോതിൽ തണ്ണിമത്തൻ ജില്ലയിൽ എത്തുന്നുണ്ട്. വില കിലോയ്ക്ക് 20ന് മുകളിൽ എത്തിയിട്ടുണ്ട്. ഈത്തപ്പഴം വിപണി ഇതിനകം തന്നെ സജീവമായിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *