ബിപിഎൽ കുടുംബങ്ങൾക്കുള്ള അരി റേഷൻ കടകളിലെത്തിയില്ല

Share to

മലപ്പുറം: മാസം അവസാനിക്കാറായിട്ടും ജില്ലയിലെ റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ട അരി എത്തിയില്ല. വിപണിയിൽ അരിക്ക് വില കൂടി നിൽക്കുന്ന സമയത്താണ് ബിപിഎൽ കുടുംബങ്ങൾക്കു പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴി ലഭിക്കേണ്ട അരി റേഷൻ കടകളിൽ എത്തിക്കാത്തത്. കഴിഞ്ഞ മാസവും ഈ പ്രശ്നം ഉണ്ടായിരുന്നു. ബിപിഎൽ കുടുംബത്തിൽ പെട്ട ഒരാൾക്ക് 5 കിലോ വീതമാണ് ഈ പദ്ധതി വഴി അരി നൽകുന്നത്. മാസത്തിന്റെ തുടക്കത്തിൽ കുറഞ്ഞ അളവിൽ അരി എത്തി. ഒരു ഗുണഭോക്താവിന് ഒരു കിലോ അരി നൽകാനായിരുന്നു നിർദേശം. എന്നാൽ ബാക്കി ലഭിക്കാതിരിക്കുമെന്ന ആശങ്ക ഉള്ളതിനാൽ 99 ശതമാനം പേരും ഇത് വാങ്ങിയില്ല.

ജില്ലയിൽ ആകെ 10230 ടൺ അരിയാണ് ഇതിനായി വേണ്ടത്. ഇവ കുറ്റിപ്പുറം, പെരിന്തൽമണ്ണ എഫ്സിഐ ഗോഡൗണുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയെങ്കിലും വിതരണത്തിനു ഇനിയും തയാറായിട്ടില്ല. മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇത്രയും പേർക്ക് അരി എങ്ങനെ വിതരണം ചെയ്യുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.

ഇ പോസ് മെഷീനിൽ ആവശ്യമായ മാറ്റം വരുത്തി അടുത്ത മാസവും ഈ മാസത്തെ അരി വിതരണം ചെയ്യാനുള്ള സംവിധാനം സർക്കാർ തയാറാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.

Share to