1.40 കോടി കിലോ സൗജന്യ അരി കേരളം വിതരണം ചെയ്തില്ല

Share to

Perinthalmanna Radio
Date: 07-11-2022

പാവപ്പെട്ട റേഷൻ കാർഡ് അംഗങ്ങൾക്കായി കേന്ദ്രം നൽകിയ സൗജന്യ അരിയിൽ ഏകദേശം 14,000 ടൺ (1.40 കോടി കിലോഗ്രാം) കേരളം വിതരണം ചെയ്തില്ലെന്നു കേന്ദ്രത്തിന്റെ കണക്കെടുപ്പിൽ വ്യക്തമായി. സംസ്ഥാനത്ത് അരി വില കുതിച്ച് ഉയരുമ്പോഴാണ്, വിപണി ഇടപെടൽ നടത്തേണ്ട റേഷൻ വിതരണ സംവിധാനത്തിൽ വീഴ്ച വന്നത്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരം മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങൾക്കു സൗജന്യമായി നൽകേണ്ട 5 കിലോ അരിയാണു കഴിഞ്ഞ 2 മാസങ്ങളിൽ കുറഞ്ഞത്. സെപ്റ്റംബറിൽ ഏകദേശം 5000 ടണ്ണിന്റെയും ഒക്ടോബറിൽ എണ്ണായിരത്തിൽപരം ടണ്ണിന്റെയും കുറവാണു കണ്ടെത്തിയത്. ഇത്രയും അരി 27 ലക്ഷത്തിലേറെ കാർഡ് അംഗങ്ങൾക്കു വിതരണം ചെയ്യാൻ തികയും. മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി 41 ലക്ഷം കാർഡുകളും 1.54 കോടി അംഗങ്ങളും ആണുള്ളത്.

കേന്ദ്രത്തിന്റെ സൗജന്യ അരി വിഹിതം കേരളത്തിൽ വെട്ടിക്കുറച്ചതായി വന്ന വാർത്തകൾ ശരിവയ്ക്കുന്നതാണ് ഭക്ഷ്യ പൊതു വിതരണ വകുപ്പ് പുറത്തുവിട്ട കണക്കുകൾ. വകുപ്പിന്റെ കീഴിലുള്ള എൻഎഫ്എസ്എ ഗോഡൗണുകളിൽ നിന്ന് സെപ്റ്റംബറിലും ഒക്ടോബറിലും അരി റേഷൻ കടകളിൽ എത്താൻ വൈകി. അതിനാൽ കടകളിൽ സ്റ്റോക്കുണ്ടായിരുന്ന അരി കാർഡ് അംഗങ്ങൾക്കു വീതിച്ചു നൽകി. ഇതോടെ പലർക്കും മുഴുവൻ വിഹിതവും ലഭിച്ചില്ല. ഒക്ടോബറിൽ ബാക്കി വിഹിതം കിട്ടുമെന്നു കാർഡ് അംഗങ്ങൾ പ്രതീക്ഷിച്ചെങ്കിലും ഒട്ടും വാങ്ങാത്തവർക്കു മാത്രം പഴയ വിഹിതം നൽകാൻ സംസ്ഥാന ഭക്ഷ്യവിതരണ വകുപ്പ് തീരുമാനിച്ചു. ഇതോടെ വിതരണത്തിൽ ഭീമമായ കുറവുണ്ടായി. കേന്ദ്രത്തിൽ നിന്ന് അരി രണ്ടു ഘട്ടങ്ങളിലായി ലഭിച്ചതിനാലാണ് അരി വിതരണം വൈകിയത് എന്നാണു സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ വിശദീകരണം.

Share to

Leave a Reply

Your email address will not be published. Required fields are marked *