വിലക്കയറ്റത്തിനൊപ്പം ഉദ്യോഗസ്ഥരുടെ അശ്രദ്ധ; 9 ലക്ഷം കുടുംബത്തിന് റേഷനരി നഷ്ടമായി

Share to

Perinthalmanna Radio
Date: 03-11-2022

പൊതു വിപണിയില്‍ അരിവില കുതിക്കുമ്പോള്‍ സ്ഥിരമായി റേഷന്‍ വാങ്ങുന്ന ഒന്‍പതു ലക്ഷം കുടുംബങ്ങള്‍ക്ക് അരി നഷ്ടപ്പെട്ടു. സ്ഥിരമായി റേഷനരി വാങ്ങാന്‍ എത്താത്ത 9.5 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടെ 18.51 ലക്ഷം കുടുംബങ്ങള്‍ക്കുള്ള അരിവിതരണമാണ് കഴിഞ്ഞമാസം പാളിയത്. റേഷന്‍കടകളില്‍ സ്റ്റോക്ക് എത്തിക്കുന്നതില്‍ സിവില്‍സപ്ലൈസിനുണ്ടായ വീഴ്ചയാണു കാരണം.

സംസ്ഥാനത്തെ 92.86 ലക്ഷം കാര്‍ഡുടമകളില്‍ 74.34 ലക്ഷം പേര്‍ക്കു മാത്രമാണ് ഒക്ടോബറില്‍ റേഷന്‍ നല്‍കാനായത്. ശരാശരി 83 ലക്ഷം പേര്‍ക്ക് അരി നല്‍കുന്ന സ്ഥാനത്താണിത്. പതിവു വിഹിതത്തിനുപുറമേ പി.എം.ജി.കെ.എ.വൈ. പദ്ധതിപ്രകാരം നല്‍കുന്ന സൗജന്യറേഷനും കിട്ടാത്തവര്‍ ഏറെയുണ്ട്.

ഒക്ടോബറിലെ അരി 25-നുശേഷമാണ് മിക്ക കടകളിലുമെത്തിയത്. ചിലയിടത്ത് പി.എം.ജി.കെ.എ.വൈ. വിഹിതം 31-നുമാണ് എത്തിയത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞമാസത്തെ വിതരണം നവംബറിലേക്കും നീട്ടണമെന്നു വ്യാപാരികളാവശ്യപ്പെട്ടെങ്കിലും അതിനനുവദിച്ചില്ല. ഇതോടെയാണു കാര്‍ഡുടമകള്‍ക്ക് അരി നഷ്ടമായത്.

അരിയെത്തിക്കാന്‍ വൈകിയാല്‍ അടുത്തമാസത്തെ ഏതാനും ദിവസങ്ങള്‍കൂടി മുന്‍മാസത്തെ റേഷന്‍ നല്‍കിയിരുന്നു. എന്നാല്‍, മാസമാദ്യംതന്നെ അരിയെത്തിക്കുമെന്നു പ്രഖ്യാപിച്ച് ഇതു മാസങ്ങള്‍ക്കുമുന്‍പ് നിര്‍ത്തലാക്കി. അതിനുശേഷം കുറച്ചുകാലം കൃത്യമായി അരിയെത്തിയിരുന്നു. പിന്നീട് പഴയപടിയായി.

എഫ്.സി.ഐ.യില്‍നിന്ന് കൃത്യമായി സംസ്ഥാനം അരിയേറ്റെടുക്കാത്തതും ഏറ്റെടുക്കുന്നത് സപ്ലൈകോ, എന്‍.എഫ്.എസ്.എ. ഗോഡൗണില്‍നിന്ന് റേഷന്‍കടകളിലെത്തിക്കാത്തതുമാണു കാരണം.

Share to

Leave a Reply

Your email address will not be published. Required fields are marked *