
Perinthalmanna Radio
Date: 08-01-2023
പെരിന്തൽമണ്ണ: റേഷൻ കടകളിൽ ആട്ട ഇഷ്‌ടം പോലെയുണ്ട്. എന്നാൽ ഇ പോസ് മെഷീനിലെ വിതരണ ലിസ്‌റ്റിൽ ആട്ട ഇല്ലാത്തതിനാൽ ആവശ്യക്കാർക്ക് നൽകാൻ മാത്രം വഴിയില്ല. എല്ലാ റേഷൻ കടകളിലേക്കുമായി മുൻഗണനാ വിഭാഗത്തിനും എഎവൈക്കും വിതരണത്തിന് ഈ മാസവും ആട്ട അനുവദിച്ചിട്ടുണ്ട്. കടകളിലെല്ലാം മുൻ ബാക്കിയുമുണ്ട്. അധികൃതരുടെ നിർദേശ പ്രകാരം റേഷൻ വ്യാപാരികൾ മുൻകൂർ പണമടച്ച് ആട്ട ഏറ്റെടുക്കുകയും ചെയ്‌തു. മിക്ക കടകളിലും 2 മുതൽ 12 ക്വിന്റൽ വരെ ആട്ട സ്‌റ്റോക്കുണ്ട്.
എന്നാൽ ഇ പോസ് മെഷീനിൽ പ്രോഗ്രാം ചെയ്യാത്തതിനാൽ ബില്ല് പ്രിന്റ് ചെയ്യാൻ ആകാത്തതാണ് പ്രതിസന്ധി. ഇതുമൂലം ആട്ട ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാനാവാത്ത സ്ഥിതിയാണ്. കടകളിൽ കെട്ടി കിടന്ന ആട്ടപ്പൊടി 3 മാസം മുൻപാണ് അധികൃതർ തിരിച്ചെടുത്തത്.
പെരിന്തൽമണ്ണ താലൂക്കിൽ നിന്ന് മാത്രം 20 ക്വിന്റലോളം ആട്ട അന്ന് തിരിച്ചെടുത്തിരുന്നു. 1 കിലോഗ്രാമിന് 17 രൂപ വീതം വിലയടച്ച ആട്ടയാണ് മടക്കിയത്. ഇതിന്റെ തുക ഇനിയും വ്യാപാരികൾക്ക് മടക്കി നൽകിയിട്ടില്ല. ഇതിനിടെയാണ് പുതിയ പ്രതിസന്ധി.
ഗോതമ്പിന് പകരമായാണ് ഭാഗികമായി ആട്ട കൂടി വിതരണം ചെയ്‌തിരുന്നത്. ഇ പോസ് മെഷീന്റെ പ്രിന്റിങ് പേപ്പർ ഇല്ലാത്തതും പ്രതിസന്ധിയാണ്. 3 മാസമായി പേപ്പർ റോൾ വിതരണം മുടങ്ങിയിട്ട്. അടിയന്തര ആവശ്യം നേരിടാൻ സമയങ്ങളിൽ വ്യാപാരികൾ പുറമേനിന്ന് വില കൊടുത്ത് വാങ്ങുകയാണിപ്പോൾ. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ അധികൃതർക്ക് നിവേദനം നൽകി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
