ഫണ്ട് ലഭിക്കാത്തതിനാൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ

Share to

Perinthalmanna Radio
Date: 03-11-2022

ഇങ്ങനെയെങ്കിൽ ഏറെ താമസിക്കാതെ, വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കളകൾ പൂട്ടേണ്ടി വരുമെന്ന് സ്കൂൾ അധികൃതർ. ഫണ്ട് ലഭിക്കാത്തതിനാൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലായിരിക്കുകയാണ്. ഇനിയും കടംവാങ്ങി പദ്ധതിയുമായി മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണെന്ന് മിക്ക സ്കൂൾ അധികൃതരും പറയുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ എന്നീ 3 മാസത്തെ ഫണ്ട് ഇനിയും ലഭിച്ചിട്ടില്ല. രണ്ടായിരവും അതിലധികവും കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ അധികൃതർക്ക് ഇതോടെ ലക്ഷങ്ങളുടെ കടബാധ്യതയാണ് വന്നിരിക്കുന്നത്.

150 കുട്ടികൾ വരെ ഒരു കുട്ടിക്ക് 8 രൂപയാണ് ഉച്ചഭക്ഷണത്തിന് സർക്കാർ നൽകുന്നത്. 500 കുട്ടികൾ ആണെങ്കിൽ ഒരു കുട്ടിക്ക് 7 രൂപയും അതിൽ‌‌ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഒരു കുട്ടിക്ക് 6 രൂപയുമാണ് അനുവദിക്കുന്നത്. ഇതിൽ നിന്ന് ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം.

ഉച്ചഭക്ഷണത്തിന് കറിയും ഉപ്പേരിയും വേണം. നിലവിലെ തുക തന്നെ അപര്യാപ്തമാണെന്ന് പരാതി ഉള്ളപ്പോഴാണ് ലഭിച്ചിരുന്ന ഫണ്ട് മുടങ്ങുന്നത്. എല്ലാ മാസവും ആദ്യ ആഴ്ച ഫണ്ട് കിട്ടിയിരുന്നതാണ്. മാസങ്ങൾ മുടങ്ങുന്നത് ആദ്യമായാണ്. പല സ്കൂളുകളിലും പ്രധാനാധ്യാപകർക്കും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർക്കും വലിയ തുക പോക്കറ്റിൽ നിന്നു ചെലവായിട്ടുണ്ട്.

ഫണ്ട് ഉടനെ ലഭിച്ചില്ലെങ്കിൽ പിടിഎ കമ്മിറ്റികൾ മുഖേന ഫണ്ട് കണ്ടെത്തുകയേ മാർഗമുള്ളൂ. ഇതിന് സാധിച്ചില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം മുടങ്ങും. ഉച്ചഭക്ഷണ തുകയിൽ 60 ശതമാനം കേന്ദ്രത്തിന്റെയും 40 ശതമാനം സംസ്ഥാനത്തിന്റെയുമാണ്. സ്കൂളിലെ പാചക തൊഴിലാളികളുടെ ശമ്പളവും മുടങ്ങിയതിനാൽ ഇവരുടെ ജീവിതവും ദുരിതത്തിലാണ്.

Share to

Leave a Reply

Your email address will not be published. Required fields are marked *