അഞ്ചാംപനിക്കൊപ്പം ഷിഗല്ലെയും; ജില്ലയില്‍ വീണ്ടും ആശങ്ക

Share to

Perinthalmanna Radio
Date: 04-12-2022

മലപ്പുറം: ഷിഗെല്ല ബാധിച്ച് പത്തുവയസ്സുകാരി മരണപ്പെട്ടത്തോടെ ജില്ലയില്‍ വീണ്ടും ആശങ്ക. അഞ്ചാംപനി ജില്ലയില്‍ വ്യാപിക്കുന്നതിനിടയില്‍ ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. മൂന്നിയൂര്‍ കൊടിഞ്ഞിയിലുള്ള കുട്ടിയാണ് മരിച്ചത്.

പനി, വയറിളക്കം, ഛര്‍ദി മുതലായ അസുഖത്തെത്തുടര്‍ന്ന് ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട് രക്തസമ്മര്‍ദം കുറഞ്ഞ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ മറ്റൊരാള്‍ക്കും അസുഖത്തിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി അധികൃതര്‍ പറഞ്ഞു.

എന്താണ് ഷിഗെല്ല

ഷിഗെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് എന്നറിയപ്പെടുന്നത്. ഇത് ഷിഗെല്ല ബാധയെന്ന് അറിയപ്പെടും. രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമായാല്‍ രക്തത്തോടു കൂടിയ വയറിളക്കമാകും. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ സാധാരണയായി ഒന്നു മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.
നിര്‍ജ്ജലീകരണമാണ് രോഗത്തെ മാരകമാക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ മരണത്തിനു വരെ കാരണമാകും. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളെയാണ് രോഗം ബാധിക്കാന്‍ സാധ്യത കൂടുതല്‍. കൃത്യസമയത്ത് ചികിത്സ തേടിയാല്‍ രോഗത്തെ നിയന്ത്രിക്കാമെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ പറയുന്നു.

സൂക്ഷിക്കണം

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന രോഗമാണ് ഷിഗെല്ല. ലക്ഷണങ്ങള്‍ ഉള്ള ആളില്‍ നിന്ന്, ഷിഗെല്ല ബാധിതനായ ലക്ഷണങ്ങള്‍ ഇല്ലാത്ത ആളില്‍ നിന്ന്, മലിനമാക്കപ്പെട്ട ഭക്ഷണങ്ങള്‍ (പാല്‍, മുട്ട, മത്സ്യം, മാസം) തുടങ്ങിയവയില്‍ നിന്നും രോഗ ബാധയുണ്ടാകാം. ശീതീകരിച്ചു സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കളില്‍ ബാക്ടീരിയ കൂടുതല്‍ക്കാലം ജീവിക്കാന്‍ സാധ്യതയുണ്ട്.

Share to

Leave a Reply

Your email address will not be published. Required fields are marked *