ഇരുപത്തിയേഴാം രാവിൽ സ്വലാത്ത് നഗർ വിശ്വാസികളുടെ പാൽക്കടലായി

Share to

Perinthalmanna Radio
Date: 18-04-2023

മലപ്പുറം: ഇരുപത്തിയേഴാം രാവിൽ സ്വലാത്ത് നഗർ വിശ്വാസികളുടെ പാൽക്കടലായി. ശുഭ്രവസ്ത്രധാരികളായ ആയിരങ്ങളാണ് മഅദിനിന്റെ മൈതാനത്തിൽ പ്രാർഥനക്കെത്തിയത്. മാസംതോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാർഷികംകൂടിയാണിത്.

പുലർച്ചെ മുതൽതന്നെ വിശ്വാസികൾ ചെറുസംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. വൈകുന്നേരത്തോടെ പ്രധാന മൈതാനവും മഅദിൻ ഗ്രാന്റ് മസ്ജിദും നിറഞ്ഞു. ഉച്ചയ്ക്ക് മുതൽ നടന്ന അസ്മാഉൽ ബദ്രിയ്യീൻ മജ്‌ലിസോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് പതിനായിരങ്ങൾ സംബന്ധിച്ച മെഗാ ഇഫ്താർ നടന്നു. പ്രധാന വേദിയിലും ഗ്രാന്റ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലുമായി നമസ്‌കാരങ്ങൾ നടന്നു.

രാത്രി ഒമ്പതിന് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭപ്രാർഥനയോടെ സമാപന പരിപാടികൾക്ക് തുടക്കമായി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പ്രതിജ്ഞക്കും സമാപനപ്രാർഥനക്കും നേതൃത്വം നൽകി. അമ്പത് ലക്ഷം ആളുകളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.

വെറുപ്പ്‌ ഉത്പാദിപ്പിച്ച് രാജ്യത്തിന്റെയും സമൂഹത്തിന്റെയും അഖണ്ഡത തകർക്കാൻ കരുനീക്കങ്ങൾ നടത്തുന്നവരെ കരുതിയിരിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. റംസാൻ ഇരുപത്തിയേഴാം രാവിൽ മഅദിൻ അക്കാദമി മലപ്പുറം സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച പ്രാർഥനാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അത്തരത്തിലുള്ളവരെ സ്‌നേഹത്തിന്റെ ഭാഷയിൽ അഭിസംബോധനചെയ്തും തിരുത്തിയും സഞ്ചരിക്കണം. വർഗീയവും വംശീയവുമായ ധ്രുവീകരണശ്രമങ്ങളെ സ്‌നേഹംകൊണ്ടും മമതകൊണ്ടുമാണ് പ്രതിരോധിക്കേണ്ടത്. നാനാജാതി മതസ്ഥർ സൗഹാർദത്തിൽ കഴിയുന്ന ഇന്ത്യൻ ജനസമൂഹത്തിൽ വിദ്വേഷത്തിന്റെ വിത്തുവിതയ്ക്കാൻ ശ്രമിക്കുന്നവർ ഈ രാജ്യത്തിന്റെ അസ്തിത്വത്തെയാണ് അപായപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസിസമൂഹം എന്ന നിലയിൽ ഏതു വെല്ലുവിളികളെയും മറികടക്കാനുള്ള ആത്മീയമായ ഊർജം കൈവരിക്കുകയാണ് മുസ്‌ലിങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമെന്ന് മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. പ്രാർഥനാ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പല പ്രതിസന്ധികളും ന്യൂനപക്ഷങ്ങൾ ഒറ്റയ്ക്കാണ് അനുഭവിക്കുന്നതെങ്കിലും അതിന്റെ പരിഹാരങ്ങൾ പലപ്പോഴും മുഴുവൻ മനുഷ്യരാശിക്കും പ്രയോജനപ്പെടുന്നതായിരിക്കും. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ പ്രതിസന്ധികൾ വരാനിരിക്കുന്ന വലിയ മാറ്റങ്ങളിലേക്കുള്ള സൂചനയായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാൻ സഖാഫി, കെ.കെ അഹമ്മദ്കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, കെ.പി. അബൂബക്കർ മുസ്‌ലിയാർ പട്ടുവം, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *