Perinthalmanna Radio
Date: 13-11-2022
മെൽബണ്‍∙ ട്വന്റി20 ലോകകപ്പ് ഉയർത്തി ഇംഗ്ലണ്ട്. ഫൈനലിൽ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിനാണ് ഇംഗ്ലണ്ട് തോൽപിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് വിജയത്തിലെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. 28 പന്തിൽ 38 റൺസെടുത്ത ഷാൻ മസൂദാണു പാക്കിസ്ഥാൻ നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ ബാബർ അസം 28 പന്തിൽ 32 റൺസെടുത്തു. ശതബ് ഖാൻ (14 പന്തിൽ 20), മുഹമ്മദ് റിസ്‍വാൻ (14 പന്തിൽ 15) എന്നിവരാണു പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ.
മത്സരത്തിന്റെ അഞ്ചാം ഓവറിൽ മുഹമ്മദ് റിസ്‍വാനെ പുറത്താക്കി സാം കറനാണ് പാക്കിസ്ഥാന് ആദ്യ തിരിച്ചടി നൽകിയത്. സ്കോർ 29ൽ നിൽക്കെ കറന്റെ പന്തിൽ റിസ്‍വാൻ ബോൾഡാകുകയായിരുന്നു. വൺ ഡൗണായിറങ്ങിയ മുഹമ്മദ് ഹാരിസ് ആദിൽ റാഷിന്റെ ബോളിൽ ബെന്‍ സ്റ്റോക്സിന്റെ ക്യാച്ചില്‍ പുറത്തായി. തുടര്‍ന്ന് പാക്കിസ്ഥാൻ ക്യാപ്റ്റനും ഷാൻ മസൂദും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനം പാക്കിസ്ഥാൻ സ്കോർ 80 കടത്തി. ബാബറിന്റെ പുറത്താകലിനു ശേഷം വന്ന ഇഫ്തിക്കർ അഹമ്മദിനും (പൂജ്യം), മുഹമ്മദ് നവാസിനും (അഞ്ച്), മുഹമ്മദ് വാസിമിനും (നാല്) തിളങ്ങാനായില്ല. അവസാന ഓവറുകളിൽ സ്കോർ കണ്ടെത്തുന്നതിന് വാലറ്റവും ബുദ്ധിമുട്ടിയതോടെ പാക്കിസ്ഥാൻ സ്കോർ 137ൽ ഒതുങ്ങി.
ഇംഗ്ലണ്ടിനായി സാം കറൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ആദില്‍ റാഷിദ്, ക്രിസ് ജോർദാൻ എന്നിവർ രണ്ടു വിക്കറ്റു വീതവും ബെൻ സ്റ്റോക്സ് ഒരു വിക്കറ്റും നേടി. സെമി ഫൈനലിൽ ഇന്ത്യയെ തോൽപിച്ച അതേ ടീമുമായാണ് ഇംഗ്ലണ്ട് ഫൈനൽ പോരാട്ടത്തിൽ കളിച്ചത് പാക്കിസ്ഥാൻ ടീമിലും മാറ്റങ്ങളില്ല.