Perinthalmanna Radio
Date: 21-03-2023
പെരിന്തൽമണ്ണ: ദേശീയ പാതയും സംസ്ഥാന പാതയും കൂടിച്ചേരുന്ന പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിലെ സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്നത് സമയക്രമം തെറ്റി. ഏറെ നാളുകളായുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് നടപടിയുമില്ല. ഞായറാഴ്ച വാഹനത്തിരക്ക് കുറവായതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കുറച്ചു സമയമാണ് അനുവദിക്കുന്നത്. മറ്റ് ദിവസങ്ങളിൽ തിരക്ക് കൂടുന്നതിനാൽ കൂടുതൽ സമയവുമാണ്.
എന്നാൽ സിഗ്നലിന്റെ സാങ്കേതിക തകരാർ മൂലം ഞായറാഴ്ചയിലെ കുറഞ്ഞ സമയമാണ് തിങ്കളാഴ്ച കാണിക്കുന്നത്. ഇതു മൂലം പൊതുവേ വാഹന തിരക്കേറുന്ന തിങ്കളാഴ്ച കുറച്ചു സമയമേ വാഹനങ്ങൾക്ക് കടന്നു പോകാൻ ലഭിക്കുന്നുള്ളൂ. കോഴിക്കോട് റോഡിലെ കയറ്റം കയറിയാണ് വാഹനങ്ങൾക്ക് മുന്നോട്ടു പോകേണ്ടത്.
വലിയ ചരക്കു വാഹനങ്ങളടക്കം പച്ച സിഗ്നൽ ലഭിച്ച് മുന്നോട്ടു പോകുമ്പോഴേക്കും ചുവപ്പാകും. ഇതിനിടെ മറ്റ് ഭാഗങ്ങളിലെ വാഹനങ്ങൾ പച്ച സിഗ്നൽ ലഭിച്ച് വരുന്നതോടെ ജങ്ഷനിൽ കുരുക്കുണ്ടാകുന്നു. വാഹനങ്ങൾ തമ്മിൽ തട്ടി അപകടങ്ങൾക്കും ഇടയാകുന്നുണ്ട്.
ഇതു കൂടാതെ സിഗ്നൽ ലൈറ്റുകളിൽ കാൽ നടക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള ചിഹ്നവും കൃത്യമായി തെളിയുന്നില്ല. സമയം കാണിക്കുന്നതും ചിലപ്പോൾ പ്രവർത്തിക്കാത്തതിനാൽ വാഹനം വരാൻ എത്ര സമയമുണ്ടെന്നതും അറിയാനാകുന്നില്ല.
കെൽട്രോൺ സ്ഥാപിച്ച സിഗ്നൽ സംവിധാനത്തിന്റെ വാറണ്ടി കാലാവധി കഴിഞ്ഞതാണ്. തുടർ പരിപാലനം ഏറ്റെടുക്കണമെങ്കിൽ വർഷം ഒരു ലക്ഷത്തോളം രൂപ നഗരസഭ നൽകണം. പണം നൽകാത്തതിനാൽ കൃത്യ സമയത്തുള്ള പരിപാലനം നടക്കുന്നില്ല. തകരാർ ഉണ്ടായാൽ മറ്റ് പലരെയും സമീപിച്ച് നന്നാക്കിയെടുക്കേണ്ടിവരുന്നു. ഗതാഗതം പ്രശ്‌നമാകുമ്പോൾ ട്രാഫിക് പോലീസാണ് പലപ്പോഴും ഇത് പരിഹരിക്കുന്നത്.
എന്നാൽ വിദഗ്ധരായ ആളുകളെക്കൊണ്ട് നന്നാക്കിയില്ലെങ്കിൽ കൂടുതൽ സങ്കീർണമാകുമെന്നതിനാൽ ഇവരും മടിക്കുകയാണ്. ട്രാഫിക് പോലീസിൽ ആളുകൾ കുറവായതിനാൽ നഗരസഭ നിയോഗിച്ചിട്ടുള്ള ട്രാഫിക് വാർഡന്മാരാണ് മിക്കവാറും ഇവിടെ ഡ്യൂട്ടി ചെയ്യുന്നത്. ഊട്ടി റോഡിലെ മുണ്ടത്തുപാലം പുനർനിർമിക്കുന്ന പണികൾ തുടങ്ങിയതിനാൽ ഗതാഗതക്രമീകരണവും വെള്ളിയാഴ്ച മുതൽ തുടങ്ങിയിട്ടുണ്ട്. ഇതോടെ ട്രാഫിക് ജങ്ഷനിലെ വാഹനത്തിരക്കും കൂടിയിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ