സർക്കാർ ഓഫിസുകളിൽ പണം അടയ്ക്കാൻ യുപിഐ സൗകര്യം ഏർപ്പെടുത്തും
Perinthalmanna Radio
Date: 31-12-2022
പുതുവർഷത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ഗൂഗിൾ പേ, ഫോൺപേ, ഭീം തുടങ്ങിയ യുപിഐ ആപ്പുകൾ ഉപയോഗിച്ച് ഫീസും പിഴയും അടയ്ക്കാൻ സൗകര്യം ഏർപ്പെടുത്തും. 6 മാസം മുൻപ് ഇതു നടപ്പാക്കാൻ നിർദേശിച്ചെങ്കിലും പല ഓഫിസുകളും പാലിച്ചില്ല. നാളെ മുതൽ കർശനമായി ഈ സൗകര്യം ഒരുക്കണമെന്ന് ധനസെക്രട്ടറി വകുപ്പുകൾക്കു നിർദേശം നൽകി. പണം സ്വീകരിക്കുന്നവർ ഇലക്ട്രോണിക് രസീത് നൽകണം.
ഫീസുകളും പിഴകളും പണമായി സ്വീകരിച്ചാൽ പോലും അത് ട്രഷറി പോർട്ടലിലോ മൊബൈൽ ആപ്ലിക്കേഷനിലോ രേഖപ്പെടുത്തണം. പണം അടച്ചയാൾക്കു എസ്എംഎസ് വഴി രസീതിന്റെ ലിങ്ക് ലഭിക്കും. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ പേരുള്ള ഏത് സർക്കാർ ഉദ്യോഗസ്ഥനും ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് രസീത് തയാറാക്കാം. രസീതിലെ തുക യുപിഐ ആപ് വഴി അടയ്ക്കാനാണ് ഇടപാടുകാരൻ താൽപര്യപ്പെടുന്നതെങ്കിൽ കംപ്യൂട്ടറിലോ ഫോണിലോ തെളിയുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം അടയ്ക്കാം. ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ചും പണമടയ്ക്കാനാകും.
പണമായാണ് ഫീസ് അടയ്ക്കുന്നതെങ്കിലും രസീത് എസ്എംഎസ് ആയി തന്നെ കിട്ടും. ഇലക്ട്രോണിക് മാർഗത്തിലൂടെ അടയ്ക്കുന്ന തുക അപ്പോൾ തന്നെ സർക്കാർ അക്കൗണ്ടിൽ എത്തും.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ