ഓരാടംപാലം- വൈലോങ്ങര ബൈപ്പാസ്: ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തി

Share to

Perinthalmanna Radio
Date: 27-10-2022

അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഓരാടംപാലം-വൈലോങ്ങര ബൈപ്പാസിന്റെ പുതുക്കിയ അലൈൻമെന്റ് ആർ.ബി.ഡി.സി.കെ, കിറ്റ്‌കോ ഉദ്യോഗസ്ഥർ പരിശോധിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ.യുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.

പുതുക്കിയ അലൈൻമെന്റിന് കിഫ്ബി നേരത്തേ അംഗീകാരം നൽകിയിരുന്നു. മണ്ണുപരിശോധനയും മറ്റു സാങ്കേതിക പരിശോധനകളും ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഹൈക്കോടതി കേസിനെത്തുടർന്ന് മങ്കട എം.എൽ.എ. മഞ്ഞളാംകുഴി അലി ധനകാര്യ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിയമസഭയിൽ പ്രശ്‌നം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ അലൈൻമെന്റ് സംബന്ധിച്ച നിർദേശവും റഫ് എസ്റ്റിമേറ്റും ആർ.ബി.ഡി.സി.കെ.യ്ക്ക് സമർപ്പിച്ചിട്ടുണ്ട്. തുടർനടപടികൾക്കായാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. 2016-ൽ ഭരണാനുമതി നൽകി കിഫ്ബി മുഖാന്തരം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ബൈപ്പാസ് നിർമാണം എത്രയുംവേഗം നടപ്പാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

29-ന് ഇതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്‌ മങ്കട എം.എൽ.എ.യുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കാനിരിക്കെയാണ് സന്ദർശനം. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, ജില്ലാപഞ്ചായത്തംഗം ടി.പി. ഹാരിസ്, ബ്ലോക്ക്പഞ്ചായത്തംഗം നജ്മ തബഷീറ, അമീർ പാതാരി, അങ്ങാടിപ്പുറം പഞ്ചായത്തംഗങ്ങൾ, ആർ.ബി.ഡി.സി.കെ, കിറ്റ്‌കോ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share to