
Perinthalmanna Radio
Date: 04-12-2022
പെരിന്തൽമണ്ണ: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി വീടും ഉപജീവന മാർഗവും നഷ്ടപ്പെട്ട് അതിജീവന സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെരിന്തൽമണ്ണയിൽ പൊതുജന റാലി നടന്നു. കത്തോലിക്ക കോൺഗ്രസ് (AKCC) കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (KLCA) എന്നിവയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.
തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് വിഴിഞ്ഞത്ത് നടക്കുന്നത്. തുറമുഖ നിർമ്മാണ പ്രവർത്തനത്തിന്റെ ആഘാതം മൂലം തീരശോഷണത്തിൽ വീട് നഷ്ടപ്പെട്ട് വർഷങ്ങളായി സിമൻറ് ഗോഡൗണുകളിൽ കഴിയുന്ന തീരദേശ വാസികളുടെ ദൈന്യത നിറഞ്ഞ ജീവിതം കേരള ജനത മനസ്സിലാക്കണം.
വീട് നഷ്ടപ്പെട്ടവരെ ഉടൻ പുനരധിവസിപ്പിക്കുക, പ്രളയ കാലത്ത് കേരളത്തിൻ്റെ സൈന്യം എന്ന് പുകഴ്ത്തിയ കടലിൻ്റെ മക്കളെ രാജ്യ ദ്രോഹികൾ, വർഗ്ഗീയ തീവ്രവാദികൾ എന്ന് മുദ്രകുത്തി ഈ സമരത്തെ അടിച്ചമർത്താനുള്ള സർക്കാരിൻ്റെ നീക്കം ഉപേക്ഷിക്കുക, അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക എന്നിവ ഉയർത്തി കാട്ടിയാണ് ഇന്ന് റാലിയും പൊതു സമ്മേളനവും നടന്നത്. പെരിന്തൽമണ്ണ ലൂർദ് മാതാ പള്ളിയിൽ നിന്ന് ആരംഭിച്ച പ്രകടനം ചെറുകാട് സ്ക്വയറിൽ സമാപിച്ചു.
