വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കാൻ ജില്ലയില്‍ വെയർഹൗസ് ഒരുങ്ങുന്നു

Share to

Perinthalmanna Radio
Date: 18-01-2023

മലപ്പുറം ∙ ജില്ലയിലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങൾ സൂക്ഷിക്കാനുള്ള വെയർഹൗസ് ഉദ്ഘാടനം അടുത്ത മാസം നടന്നേക്കും. അവസാനഘട്ട ജോലികൾ 20ന് അകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് ഉദ്ഘാടനത്തിനായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതി തേടുമെന്ന് കലക്ടർ വി.ആർ.പ്രേംകുമാർ പറഞ്ഞു.

കെട്ടിടത്തിന് അഗ്നിരക്ഷാ സേനയുടെ അനുമതിയാണ് പ്രധാനമായും ലഭിക്കാനുള്ളത്. സിസിടിവി, ലിഫ്റ്റ് സൗകര്യങ്ങളുടെ പരിശോധനയും നടക്കാനുണ്ട്. ഇതോടെ കെട്ടിടം പൂർണസജ്ജമാകും. മലപ്പുറത്തേതിനു പുറമേ നിർമാണം പൂർത്തിയാക്കിയ പാലക്കാട്ടെ വെയർഹൗസിന്റെയും ഉദ്ഘാടനം ഒരുമിച്ചു നടക്കാനാണു സാധ്യത. 2 വർഷംകൊണ്ട് പൂർത്തിയാക്കിയ കെട്ടിടത്തിന് രണ്ടാഴ്ച മുൻപാണ് കെട്ടിടനമ്പർ ലഭിച്ചത്. വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങളും ജനറേറ്ററും ഒരുക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കുന്നതിനായി വിശാലമായ പന്തലും മറ്റും ഒരുക്കി ഇനി കാശു കളയേണ്ട. നിലവിലെ 3 നില കെട്ടിടത്തിൽ ആദ്യഘട്ട പരിശോധനയ്ക്ക് അടക്കമുള്ള സ്ഥിരം സംവിധാനങ്ങളാണ് ഒരുങ്ങുന്നത്. താഴത്തെയും ഒന്നാമത്തെയും നിലകളിലായി നിയമസഭ, ലോക്സഭാ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കാൻ സൗകര്യം ഒരുക്കും. രണ്ടാം നിലയിൽ ഹാളും മറ്റു സൗകര്യങ്ങളും. സെക്യൂരിറ്റി ഗാർഡുമാർക്ക് താമസിക്കാനും സൗകര്യമുണ്ടാകും. നിരീക്ഷണത്തിനും മറ്റുമായി ഔട്ട്ഹൗസും ഉണ്ട്. സിസിടിവിയുടെ കേന്ദ്രീകൃത സംവിധാനവും ഒരുക്കും.

നിലവിൽ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും മലപ്പുറം നഗരത്തിലെ 4 ഇടങ്ങളിലായാണുള്ളത്. സിവിൽ സ്റ്റേഷനിലെ ഗോഡൗണിനു പുറമേ മലപ്പുറം ഗവ. കോളജ് ഓഡിറ്റോറിയം, പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് പഴയ കെട്ടിടം, കോട്ടക്കുന്ന് ഡിടിപിസി ഹാൾ എന്നിവിടങ്ങളിൽ താൽക്കാലിക സൗകര്യവും ഒരുക്കിയാണ് ഇവ സൂക്ഷിക്കുന്നത്. എല്ലാം ഇനി പുതിയ കെട്ടിടത്തിലേക്കു മാറ്റും. അതേസമയം, ഉദ്ഘാടനം കഴിഞ്ഞാൽ വിവിധയിടങ്ങളിലെ യന്ത്രങ്ങൾ വെയർഹൗസിലേക്കു മാറ്റാൻ മുഖ്യതിര‍ഞ്ഞെടുപ്പ് ഓഫിസറോട് അനുമതി തേടും. മാറ്റുന്നതിനായുള്ള ചെലവിലേക്ക് ഫണ്ട് വകയിരുത്തുകയാണ് അടുത്ത കടമ്പ. ഇപ്പോൾ താൽക്കാലികമായി ഉപയോഗിക്കുന്ന കെട്ടിടങ്ങൾ പഴയപടി ആക്കേണ്ടിയും വരും.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *