Perinthalmanna Radio
Date: 11-02-2023
ഈമാസം മൂന്നിന് ആരുമറിയാതെ വാട്ടർചാർജ് വൻതോതിൽ കൂട്ടിയതിനുപിന്നാലെ ഏപ്രിൽ 1 മുതൽ 5% കൂടി വർധിപ്പിച്ച് ജല അതോറിറ്റിയുടെ ‘ഇരട്ടയടി’ വരുന്നു. ലീറ്ററിന് ഒരു പൈസ കൂട്ടിയതിനെത്തുടർന്ന് ഈ മാസം 3 മുതൽ വിവിധ സ്ലാബുകളിലായി 50– 500 രൂപ വർധിച്ചിരുന്നു. ഇതിനു പുറമേ വിവിധ സ്ലാബുകളിലായി 3.50 രൂപ മുതൽ 60 രൂപ വരെ ഇനിയും കൂടും. ഗാർഹിക, ഗാർഹികേതര, വ്യവസായ കണക്‌ഷനുകൾ, ടാങ്കർ ലോറികൾ, തദ്ദേശ സ്ഥാപനങ്ങളുടെ പൊതു ടാപ്പ് കണക്‌ഷൻ ഉൾപ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന താരിഫിൽ വർധനയുണ്ടാകും. ഗാർഹികേതര ഉപയോക്താക്കൾക്കുള്ള ഫിക്സ്ഡ് നിരക്കും സുവിജ് നിരക്കും വർധിക്കും.
അധിക വായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്രസർക്കാർ വ്യവസ്ഥപ്രകാരമാണ് പുതിയ വർധന. ലീറ്ററിന് ഒരു പൈസ വർധിപ്പിച്ച സാഹചര്യത്തിൽ 5% വർധന ഉണ്ടാകില്ലെന്നാണ് ജലഅതോറിറ്റി അധികൃതർ നേരത്തേ സൂചിപ്പിച്ചിരുന്നത്. എന്നാൽ, തിങ്കളാഴ്ച നിയമസഭയിൽ നൽകിയ മറുപടിയിൽ, വർഷംതോറുമുള്ള 5% ചാർജ് വർധന പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഇന്നലെ ‘മനോരമ’ അന്വേഷിച്ചപ്പോൾ മന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
വർധന വരുത്തേണ്ടത് ഈ മാസം മൂന്നിനു മുൻപോ അതിനുശേഷമോ ഉള്ള അടിസ്ഥാന താരിഫിലെന്ന കാര്യത്തിൽ ജല അതോറിറ്റിയിൽ ആശയക്കുഴപ്പം. ജല അതോറിറ്റി എംഡി ഉടൻ സർക്കാരിനു കത്തെഴുതും. വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് അതോറിറ്റിക്ക്. തുടർവർഷങ്ങളിലും അടിസ്ഥാന താരിഫിൽ 5% വർധന ഉണ്ടാകാനാണു സാധ്യത.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ