
Perinthalmanna Radio
Date: 23-12-2022
പെരിന്തൽമണ്ണ: നായാട്ടുപാലം പണിയുടെ ഭാഗമായി വിച്ഛേദിച്ച ജലവിതരണ കുഴലുകൾ പുനഃസ്ഥാപിക്കാത്തത് 11 മാസമായി അൻപതോളം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നു. വീടുകളിലെ കിണർ വെള്ളം വറ്റി തുടങ്ങിയതാണ് കൂടുതൽ പ്രയാസത്തിലാക്കുന്നത്.
നഗരസഭയിലെ 27-ാം വാർഡിലെ ജൂബിലി ജങ്ഷൻ മുതൽ നായാട്ടുപാലം വരെയുള്ള റോഡിന്റെ ഒരു വശത്തുള്ള വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കുമാണ് വെള്ളമെത്താത്തത്.
ജല അതോറിറ്റിയുടെ കുടിവെള്ളമാണ് മാസങ്ങളായി മുടങ്ങി കിടക്കുന്നത്. ഇക്കാര്യം നിരവധി തവണ ജല അതോറിറ്റിയെയും മറ്റ് അധികൃതരെയും അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
റോഡു പണിയുടെ പേരിൽ കഴിഞ്ഞ വർഷവും ഈ ഭാഗങ്ങളിൽ വെള്ളം മുടങ്ങിയപ്പോൾ പണം നൽകി വീട്ടുകാർതന്നെ ടാങ്കറുകളിൽ എത്തിക്കുകയായിരുന്നു.
വെള്ളം എത്തിക്കാൻ നടപടിയില്ലെങ്കിലും വെള്ളക്കരം പിരിക്കുന്നതിന് മുറപോലെ ഉദ്യോഗസ്ഥർ വീടുകളിലെത്തുന്നുണ്ട്. ഇവരോടും പറയുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ജല അതോറിറ്റി അധികൃതർ കരാറുകാരെ പഴിചാരി ഒഴിഞ്ഞുമാറുകയാണെന്ന് നാട്ടുകാർ പറയുന്നു.
നിരവധി തവണ പ്രശ്‌നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് വാർഡംഗം പത്തത്ത് ജാഫർ പറഞ്ഞു. അടുത്ത ദിവസം ഈ കുടുംബങ്ങളുമായി കളക്ടറെ കണ്ട് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ