Perinthalmanna Radio
Date: 21-11-2022
ലോകകപ്പ് ഫുട്ബാള്‍ ആവേശം പിഴയുടെ പേടിയില്ലാതെ വാഹനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ വഴിയൊരുക്കി മോട്ടോര്‍ വാഹന വകുപ്പ്. ആര്‍.ടി.ഓഫീസില്‍ അപേക്ഷ നല്‍കി തുച്ഛമായ തുക ഫീസടച്ചാല്‍ ആരാധകര്‍ക്ക് അവരുടെ വാഹനങ്ങള്‍ക്ക് പ്രിയപ്പെട്ട ടീമിന്റെ കൊടിയുടെയും ജേഴ്‌സിയുടേയും നിറം കൊടുക്കാം. ഇങ്ങനെ നിറം മാറ്റാന്‍ ഒരു മാസത്തേക്ക് കാറുകള്‍ക്ക് 395ഉം ബൈക്കുകള്‍ക്ക് 245 രൂപയും മാത്രം ഫീസടച്ചാല്‍ മതി.
ഇഷ്ട താരങ്ങളുടെ സ്റ്റിക്കര്‍ ഓട്ടോറിക്ഷകളിലും കാറുകളിലും പതിപ്പിക്കാനും നിസാര പരസ്യ ഫീസേയുള്ളൂ. സ്റ്റിക്കറിന് 100 സെന്റീമീറ്റര്‍ സ്‌ക്വയറിന് ഒരു മാസത്തേക്ക് അഞ്ചുരൂപയാണ് നിരക്ക്. ബസുകള്‍ക്ക് കളര്‍കോഡ് വന്നതിനാല്‍ അകത്ത് മാത്രമേ പതിപ്പിക്കാനാകൂ.അടുത്തുള്ള ആര്‍.ടി ഓഫീസില്‍ പോയി നിറം മാറ്റാന്‍ (കളര്‍ ഓള്‍ട്ടറേഷന്‍) അപേക്ഷ നല്‍കുക. വണ്ടി പരിശോധനാ മൈതാനത്ത് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കാണിക്കുക. ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കാം. അതിനുശേഷം മാറ്റുന്ന നിറം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം. മോട്ടോര്‍ വാഹന വകുപ്പിനെയും പോലീസിനേയും വെട്ടിച്ച് നിയമപ്രകാരമല്ലാതെ നിറം മാറ്റിയ വാഹനങ്ങളുമായി നിരത്തിലിറങ്ങിയാല്‍ വലിയ വില കൊടുക്കേണ്ടി വരും. വാഹനത്തിലെ ഏതു തരം മാറ്റങ്ങള്‍ക്കും പിഴ 5,000 രൂപ വരെയാണ്.