
Perinthalmanna Radio
Date: 20-06-2025
പെരിന്തൽമണ്ണ : കനത്ത മഴയിലും കാറ്റിലും ആലിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു. മൂന്നാം നിലയിലെ ഷീറ്റിൻ്റെ പകുതി ഭാഗവും കാറ്റിൽ തകർന്ന് താഴെ വീഴുകയായിരുന്നു. ജില്ല പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് നിർമിച്ച നാല് ക്ലാസ് മുറികളുള്ള കെട്ടിടത്തിൻ്റെ രണ്ടു ക്ലാസ് മുറികളുടെ ആസ്ബറ്റോസ് ഷീറ്റിട്ട മേൽക്കൂരയാണ് ചൊവ്വാഴ്ച വൈകീട്ട് 6.45ന് പൂർണമായും കാറ്റിൽ തകർന്നത്.
പ്ലസ് വൺ ക്ലാസ് ആരംഭിച്ച ബുധനാഴ്ച ഇതു കാരണം രണ്ടാംവർഷ വിദ്യാർഥികളുടെ ക്ലാസ് ഒഴിവാക്കി. മൂന്നു നിലകളുള്ള കെട്ടിടത്തിൻ്റെ ഏറ്റവും മുകളിലെ നിലയാണ് ഷീറ്റ് മേഞ്ഞത്. പകൽ സമയത്ത് അല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. കെട്ടിടം പുനർ നിർമിച്ച് ക്ലാസ് ആരംഭിക്കണമെങ്കിൽ വൈകും. അതുവരെ ഹൈസ്‌കൂൾ വിഭാഗത്തിലെ രണ്ടു ക്ലാസ് മുറികൾ താൽക്കാലികമായി ഒരുക്കണം. കിഫ്ബിയുടെ കെട്ടിടം നിർമിക്കാൻ പൊളിക്കാനായി മാറ്റിയിട്ട പഴയ കെട്ടിടത്തിൽ വേണം രണ്ട് പ്ലസ് ടു ക്ലാസുകൾ നടത്താൻ. അധ്യാപകർ ഓരോ പിരിയഡും ഏറെ നടന്ന് വേണം ക്ലാസിലെത്താൻ. 12 ക്ലാസ് മുറികളാണ് കെട്ടിടത്തിൽ. ഇതിൽ ഓഫിസ് കം ക്ലാസ് മുറിയും കമ്പ്യൂട്ടർ ലാബുമാണ് രണ്ടു മുറികൾ കഴിച്ച് പത്തു ക്ലാസ് മുറികളേ ഉള്ളൂ.
അഞ്ച് ബാച്ചിലേക്കുള്ള കുട്ടികൾക്ക് പുറമെ ഈ വർഷം അഡീഷനൽ ബാച്ചിലേക്കും വിദ്യാർഥികളുണ്ട്. മുൻ വർഷം അനുവദിച്ചെങ്കിലും കുട്ടികൾ ഇല്ലാത്തതിനാൽ പ്രവർത്തിച്ചിരുന്നിരുന്നില്ല. ഇത്തവണ ഏഴ് ബാച്ചിലേക്ക് ഒന്നാം വർഷ വിദ്യാർഥികളുണ്ടെന്ന് അധ്യാപകർ പറഞ്ഞു.
പൊളിഞ്ഞു വീണ ബ്ലോക്കിന് ഈ വർഷം ഫിറ്റ്നസ് ലഭിച്ചതാണ്. ഇത് പുതുക്കി നിർമിച്ച് ഷീറ്റിട്ടാൽ മാത്രമേ ക്ലാസ് നടത്താനാവൂ. ഹൈസ്കൂൾ മൈതാനത്തിന്റെ ഒരു ഭാഗത്താണ് 2018ൽ പ്ലസ് ടു ബ്ലോക്ക് നിർമിച്ചത്. അഡീഷനൽ ബാച്ചു കൂടി ഉള്ളതിനാൽ സ്ഥല പരിമിതിയിൽ ബുദ്ധമുട്ടുകയാണ്. ഒരു സയൻസ് ബാച്ചും കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിവക്ക് രണ്ടുവീതം ബാച്ചുമാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ