
Perinthalmanna Radio
Date: 21-01-2025
പെരിന്തൽമണ്ണ: കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ റഫറിയുടെ നടപടികൾ ഏകപക്ഷീയമായിരുന്നുവെന്നും അതാണ് കളിക്കാരനെ പ്രകോപിപ്പിച്ചതെന്നും ഫൈനലിൽ പരാജയപ്പെട്ട അഭിലാഷ് കുപ്പൂത്തിന്റെ സ്‌പോൺസർമാരായ കാർഗിൽ ജൂബിലി ക്ലബ് ഭാരവാഹികൾ. കാദറലി ക്ലബ് പരമാവധി സഹായവും പിന്തുണയും നൽകി. സെവൻസ് ഫുട്ബോൾ അസോസിയേഷനാണ് റഫറിമാർക്ക് ചുമതല നൽകുന്നത്.
ഈ ടീമിലെ കളിക്കാരനെതിരെ ചുവപ്പ് കാർഡ് കാണിച്ച സംഭവവുമായി ബന്ധപ്പെട്ട് റഫറിക്ക് മർദനമേറ്റിരുന്നു. പുതിയ റഫറിയെ ഇറക്കിയാണ് പിന്നീട് കളി പുനരാരംഭിച്ചത്. കളി തുടങ്ങി നിമിഷങ്ങൾക്കകമായിരുന്നു സംഭവം. ഇതേ തുടർന്ന് സെവൻസ് ഫുട്ബോൾ അസോസിയേഷൻ അഭിലാഷ് കുപ്പൂത്ത് ടീമിലെ കളിക്കാരന് ടൂർണമെന്റുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ക്ലബ്ബിന്റെ വിശദീകരണം. കളി തുടങ്ങി 5 മിനിറ്റിനിടെയാണ് തങ്ങളുടെ കളിക്കാരന് അകാരണമായി റെഡ് കാർഡ് നൽകിയതെന്നും ഇത് കളിയിലുള്ള ടീമിന്റെ താൽപര്യം ഇല്ലാതാക്കിയെന്നും ആരോപിച്ചു.
ഈ കളിക്കാരനെ എതിർടീമിലെ മറ്റൊരു കളിക്കാരൻ പിറകിൽനിന്ന് കാലിന് ചവിട്ടിയിരുന്നു. ഇതേ തുടർന്നാണ് ഇരുകളിക്കാരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായത്. എന്നാൽ ഉടൻ ഒരു കളിക്കാരന് മാത്രം ഏകപക്ഷീയമായി റെഡ് കാർഡ് നൽകുകയായിരുന്നു. ഇതാണ് റഫറിക്കെതിരെ കളിക്കാരൻ പ്രതിഷേധിക്കാൻ കാരണം. കയ്യേറ്റം ചെയ്‌ത കളിക്കാരന്റെ നടപടിയെ ന്യായീകരിക്കുകയല്ലെന്നും ഭാരവാഹികൾ പറഞ്ഞു. ഈ റഫറിക്കെതിരെ കളി തുടങ്ങുന്നതിനു മുൻപ് പരാതി പറഞ്ഞിരുന്നു. മുൻപും ഇദ്ദേഹത്തിനെതിരെ ആക്ഷേപം ഉണ്ടായിട്ടുണ്ട്. റഫറിക്കെതിരെ നടപടികളുമായി മുന്നോട്ടു പോകുമെന്നും മാനേജർ നിഷാദ് ആലിക്കൽ, സെക്രട്ടറി ഹാരിസ് ചാത്തല്ലൂർ, നിസാർ ജഡേജ എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ