മലപ്പുറം: കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാതയ്ക്കായി അരീക്കോട് വില്ലേജിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര് നിർണയിക്കാനായി കല്ല് നാട്ടുന്നതിനിടയിൽ സംഘർഷം.
കാവനൂർ, അരീക്കോട് ഗ്രാമപ്പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന കിളിക്കല്ലിലാണ് വ്യാഴാഴ്‌ച സംഘർഷമുണ്ടായത്. ഈഭാഗത്ത് കഴിഞ്ഞ 30-ന് ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിൽ കല്ല് നാട്ടാനായി ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും എതിർപ്പുകാരണം മടങ്ങി തൊട്ടടുത്ത ജനവാസമില്ലാത്ത ഭാഗങ്ങളിൽ നാട്ടുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് തങ്ങൾ എതിരല്ലെന്നും പുനരധിവാസം ഉറപ്പുവരുത്തുന്ന വിധമുള്ള നഷ്‌ടപരിഹാര പാക്കേജ് വേണമെന്നുമായിരുന്നു നാട്ടുകാരുടെ നിലപാട്. ഇക്കാര്യത്തിൽ യാതൊരു ധാരണയ്ക്കും ശ്രമിക്കാതെയാണ് വ്യാഴാഴ്‌ച വൻ പോലീസ് സേനയുടെ അകമ്പടിയോടെ കല്ല് നാട്ടാനെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.
ടി.കെ. ബീരാന്റെ വീട്ടുവളപ്പിലേക്ക് സംഘം പ്രവേശിച്ചപ്പോൾ വീട്ടുകാർ സർവേ നടത്താനുള്ള രേഖ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ കൈവശം അതൊന്നുമുണ്ടായിരുന്നില്ല. ഹൈവേ വരുന്ന സാഹചര്യത്തിൽ വീട് വാസയോഗ്യമല്ലാതാകുമെന്നും പൂർണമായി ഏറ്റെടുത്ത് നഷ്‌ടപരിഹാരം നൽകണമെന്നും വീട്ടുകാർ നിലപാടെടുത്തു. പറ്റില്ലെങ്കിൽ മറുഭാഗത്ത് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ആവശ്യത്തിനെടുത്ത് വീട് വാസയോഗ്യമായ നിലയിൽ സംരക്ഷിക്കാനെങ്കിലും തയ്യാറാണെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നും ആവശ്യമുയർത്തി. അധികൃതർ ഇതിനു തയ്യാറായില്ല. തടിച്ചുകൂടിയ നാട്ടുകാർ ഇതോടെ സർവേ തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് ഡെപ്യൂട്ടി കളക്ടറുടെ നിർദേശപ്രകാരം പോലീസ് ബലംപ്രയോഗിച്ച് തന്നെ വലിച്ചിഴച്ചുനീക്കിയെന്നും സംഘർഷത്തിനിടയിൽ ഭാര്യ സുരയ്യ ബോധംകെട്ടു വീണെന്നും ബീരാൻ അരീക്കോട് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. തുടർന്ന് തന്നെയും ഭാര്യയെയും അറസ്റ്റുചെയ്തതായി പറഞ്ഞ പോലീസ് തങ്ങളെ ബലമായി ജീപ്പിൽ കയറ്റി അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പരാതിയിലുണ്ട്.
ബീരാൻ (60), ഭാര്യ സുരയ്യ (48) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബീരാന്റെ അറസ്റ്റ് മാത്രമേ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളൂ. ഇദ്ദേഹത്തെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഇതിനിടെ തന്നെ മർദിച്ചുവെന്നുകാണിച്ച് ഡെപ്യൂട്ടി കളക്‌ടർ ജെ.ഒ. അരുൺ ഒന്നാം പ്രതിയായും ഏറനാട് തഹസിൽദാർ രണ്ടാം പ്രതിയായും പിങ്ക് പോലീസ് അടക്കമുള്ള 15 കണ്ടാലറിയാവുന്ന പോലീസ് ഉദ്യോഗസ്ഥർ മൂന്നാം പ്രതികളായും ബീരാൻ അരീക്കോട് പോലീസിൽ പരാതി നൽകി.