തണുപ്പ് കുറഞ്ഞ് വേനൽ കനത്തതോടെ തീപിടിത്ത സാധ്യതകളും ഏറുന്നു

Share to

Perinthalmanna Radio
Date: 09-01-2023

പെരിന്തൽമണ്ണ: തണുപ്പ് കുറഞ്ഞ് വേനൽ കനത്തതോടെ തീപിടിത്ത സാദ്ധ്യതകളും ഏറി. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളെത്തുന്നത് കാത്തുനിൽക്കാതെ വേനൽച്ചൂട് ഏറിയതോടെയാണ് മലയോര പ്രദേശങ്ങളിലടക്കം തീപിടിത്തമുണ്ടാവുന്നത്. വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത മേഖലകളിൽ തീപടരുമ്പോൾ ഫയർഫോഴ്സും നിസഹായരാകുന്ന സ്ഥിതിയാണുള്ളത്. വനങ്ങളിൽ തീ പടരുന്നത് മൃഗങ്ങൾ അഗ്നിക്കിരയാകുന്നതിനും അവയുടെ ആവാസ വ്യവസ്ഥയെയടക്കം ബാധിക്കാനും ഇടയാക്കുന്നു.

കഴിഞ്ഞ ദിവസമാണ് നിലമ്പൂർ കരിമ്പുഴ സ്‌കൂളിന് സമീപത്തെ ചകിരി ഫാക്ടറിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. നിലമ്പൂർ അഗ്‌നിരക്ഷാ സേനയെത്തി ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പെരിന്തൽമണ്ണയിൽ ദേശീയപാതയോരത്ത് കോഴിക്കോട് റോഡ് ജൂബിലി ജംഗ്ഷനിൽ കെട്ടിടങ്ങൾക്കിടയിൽ ആളൊഴിഞ്ഞ സ്ഥലത്തെ പുൽക്കാടിനും വ്യാഴാഴ്ച തീപിടിച്ചിരുന്നു. വിവരമറിഞ്ഞ് പെരിന്തൽമണ്ണ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീയണക്കുകയായിരുന്നു.

ഇത്തരത്തിൽ വെയിൽ കനക്കുന്നതോടെ ഇലകളും പുല്ലുകളും ഉണങ്ങി നിൽക്കുന്നത് വേഗത്തിൽ തീ പടർന്നു പിടിക്കാൻ ഇടയാക്കുന്നുണ്ട്. തോട്ടങ്ങളിലും പുരയിടങ്ങളിലും വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലുമാണ് തീ പടരാൻ സാധ്യത കൂടുതലുള്ളത്. ചെറിയ തീജ്വാലകൾ അഗ്‌നിബാധകളായി പരിണമിക്കുന്നത് പലപ്പോഴും അശ്രദ്ധകൊണ്ടും അറിവില്ലായ്മകൊണ്ടുമാണ്. വേനൽ മാസങ്ങളെത്തുന്നതോടെ കൂടുതൽ ജാഗ്രതയുണ്ടാവേണ്ടതും അത്യാവശ്യമാണ്.

തീ പടർന്ന് പിടിക്കാതിരിക്കുന്നതിനുള്ള ഉത്തമ രക്ഷാമാർഗമാണ് ഫയർ ബ്രേക്ക്. കത്തിപ്പിടിക്കാൻ സാദ്ധ്യതയുള്ള വസ്തുക്കൾ നീക്കം ചെയ്ത് ഒരു ഭാഗം വൃത്തിയാക്കിയിടണം. ഇത് നിശ്ചിത ദിവസങ്ങളിലെ ഇടവേളകളിൽ ചെയ്ത് ഫയർ ബ്രേക്ക് നിലനിറുത്തണം. തീപിടിച്ചാൽ തന്നെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും തീ പെട്ടെന്ന് കത്തിപ്പടരുന്നത് ഇല്ലാതാക്കാനും ഇത് സഹായകരമാണ്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *