Perinthalmanna Radio
Date: 28-11-2022
പെരിന്തൽമണ്ണ: തർക്കം തീർന്നു. ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ ജില്ലാ ആശുപത്രിയിലെ പഴയ പേവാർഡ് കെട്ടിടം പൊളിച്ചു മാറ്റാൻ തുടങ്ങി. ഉപയോഗ ശൂന്യമായിക്കിടന്നിരുന്ന കെട്ടിടമാണ് പൊളിക്കുന്നത്. ഇതു മാറ്റുന്നതോടെ ഇവിടേക്ക് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണവും തുടങ്ങാനാകും.
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയും(കെ.എച്ച്.ആർ.ഡബ്ല്യു.എസ്.) ആരോഗ്യവകുപ്പും തമ്മിലുണ്ടായ തർക്കമാണ് പൊളിക്കുന്നത് വൈകിച്ചത്. പകരം കെട്ടിടം അനുവദിക്കാതെ പൊളിക്കാനാകില്ലെന്ന നിലപാടിലായിരുന്നു സൊസൈറ്റി.
എന്നാൽ പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന്റെ മുകൾഭാഗത്ത് പേവാർഡ് നിർമിക്കാനുള്ള സൗകര്യം ഒരുക്കാമെന്ന് സർക്കാരും ജില്ലാപഞ്ചായത്തും ഉറപ്പു നൽകിയതോടെയാണ് പൊളിക്കുന്നതിന് സൊസൈറ്റി അനുമതി നൽകിയത്. കെ.എച്ച്.ആർ.ഡബ്ല്യു.എസ് ന്റെ ഉടമസ്ഥതയിലാണ് കെട്ടിടം പൊളിക്കുന്നത്.