
Perinthalmanna Radio
Date: 20-01-2023
പെരിന്തൽമണ്ണ: തിരഞ്ഞെടുപ്പ് കേസുകളുടെ ചരിത്രത്തിൽ പെരിന്തൽമണ്ണ വേറിട്ടു നിൽക്കും. 38 വോട്ടിന്റെ ജയം, 348 വോട്ടിൽ തർക്കം. ഹൈക്കോടതിയിൽ കേസ്. കേസ് തീർപ്പാക്കാൻ ഹൈക്കോടതി അന്തിമ രേഖാ പരിശോധനയിലേക്കു നീങ്ങുമ്പോൾ, പരിശോധിക്കേണ്ട രേഖകൾ അടങ്ങിയ പെട്ടി കാണാതാകുന്നു. അതും ട്രഷറിയുടെ സ്‌ട്രോങ് റൂമിൽനിന്ന്. അത് മറ്റൊരു സർക്കാർ ഓഫീസായ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ കണ്ടെത്തുന്നു. പെട്ടിയിൽനിന്ന് ഒരുകെട്ട് ബാലറ്റ് കാണാതായതായി തിരിച്ചറിയുന്നു. അത് സാധുവായതും എണ്ണിക്കഴിഞ്ഞതുമായ വോട്ടാണെന്നതുകൊണ്ടും സങ്കീർണത ഒട്ടും കുറയുന്നില്ല.
ഈ കേസ് ഇനി എങ്ങനെ തീരും? രണ്ടുപേർ തമ്മിലുള്ള തർക്കം എന്ന നിലവിട്ട് രാഷ്ട്രീയകേരളം മുഴുവൻ ഇനി ഈ കേസിന്റെ പിന്നാലെയുണ്ടാകും. അവരുടെ മനസ്സിൽ ഉയരുന്ന ചോദ്യത്തിന് നിയമത്തിന്റെ തലനാരിഴ കീറി പരിശോധിച്ച് ഉത്തരംതരാൻ ഹൈക്കോടതിക്കേ കഴിയൂ. പരാതിക്കാരനും എതിർകക്ഷിക്കും ഉറച്ച വാദം ഉണ്ടുതാനും.
സബ് കളക്ടറുടെ റിപ്പോർട്ടിനെക്കുറിച്ചുള്ള തടസ്സവാദങ്ങൾ പത്തുദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി ഇരുകൂട്ടരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് നിർണായകം
തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നു എന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷനും സംഭവം തികച്ചും ഗൗരവത്തിലാണ് കാണുന്നത്. കളക്ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദാന്വേഷണം ആവശ്യപ്പെട്ടതും ഏതൊക്കെ ഉദ്യോഗസ്ഥനാണ് വീഴ്‌ചവരുത്തിയതെന്ന് കൃത്യമായി പറയണമെന്നു നിഷ്‌കർഷിച്ചതും അതുകൊണ്ടാണ്.
കേസ് തീർപ്പാക്കാൻ കമ്മിഷന്റെ അഭിപ്രായവും ഹൈക്കോടതി പരിഗണിച്ചേക്കുമെന്നതിനാൽ കാര്യങ്ങൾ അവർക്ക് വ്യക്തമായി മനസ്സിലാക്കിയേ പറ്റൂ.
വിശദ അന്വേഷണം വേണം -മുസ്തഫ പക്ഷം
സബ് കളക്ടർ ഹൈക്കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പലതും വ്യക്തമാകാനുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കെ.പിഎം. മുസ്തഫയുടെ അഭിഭാഷകൻ അഡ്വ. ശ്രീകുമാർ പറഞ്ഞു. പ്രത്യേകം സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ച പെട്ടിയാണ് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ടത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്തണം. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നും സംശയിക്കുന്നു -അദ്ദേഹം പറഞ്ഞു.
വിശ്വാസ്യത നഷ്ടമായി -നജീബ് പക്ഷം
പെട്ടി തുറന്നനിലയിൽ കാണപ്പെട്ട സാഹചര്യത്തിൽ അതിലെ ഉള്ളടക്കത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി നജീബിന്റെ നിയമ വൃത്തങ്ങൾ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വത്തിലുള്ള സ്ഥാപനങ്ങളാണ് സബ് ട്രഷറിയും സഹകരണ രജിസ്ട്രാർ ഓഫീസും. അവിടെ സർക്കാരിന്റെ താത്‌പര്യങ്ങൾ നടപ്പാകാനുള്ള സാധ്യത ഏറെയാണ് -അവർ പറയുന്നു.
ട്രഷറി ജോ. ഡയറക്ടർ അന്വേഷിക്കും
പെരിന്തൽമണ്ണ സബ് ട്രഷറിയിൽനിന്ന് തപാൽ വോട്ടുകൾ അടങ്ങിയ പെട്ടി കാണാതായ സംഭവത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ട്രഷറി ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ട്രഷറി ജോയിന്റ് ഡയറക്ടർ ജോൺ ജോസഫിനെ നിയോഗിച്ച് ഡയറക്ടർ വി. സാജൻ ഉത്തരവായി. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം. 1960-ലെ സർവീസ് സ്വഭാവ ചട്ടമനുസരിച്ചാണ് ഉത്തരവ്. സബ് ട്രഷറി ഓഫീസർ എൻ. സതീഷ്‌കുമാർ, സീനിയർ അക്കൗണ്ടന്റ് എസ്. രാജീവ് എന്നിവർക്കെതിരേയാണ് അന്വേഷണം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ