Perinthalmanna Radio
Date: 31-10-2022
എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂർണമായും സിസിടിവിയുടെ പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിപ്പിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി. ഇതിനായി എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെയും ഓഡിറ്റിങ് നടത്താന്‍ പൊലീസ് തീരുമാനിച്ചു. ഇതിന് ആവശ്യമായ നിര്‍ദ്ദേശം ഡിജിപി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നല്‍കി.
തിരുവനന്തപുരത്ത് മ്യൂസിയം വളപ്പിൽ പ്രഭാതനടത്തത്തിനെത്തിയ യുവതിയെ ആക്രമിച്ച കേസിൽ പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണു നടപടി. പൊലീസിന്റെ നിയന്ത്രണത്തിലുള്ള 235 ക്യാമറകളിൽ 145 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.
പൊലീസിന്‍റെ നിയന്ത്രണത്തിലുളള സിസിടിവി ക്യാമറകളുടെ എണ്ണം, ഇനം, സ്ഥാപിച്ചിരിക്കുന്ന സ്ഥലം, പൊലീസ് സ്റ്റേഷന്‍, പ്രവര്‍ത്തനരഹിതം എങ്കില്‍ അതിനുള്ള കാരണം എന്നിവ ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയും കണ്‍ട്രോള്‍ റൂമും അതതു സ്റ്റേഷന്‍ അധികൃതരും ശേഖരിച്ചു സൂക്ഷിക്കും. കണ്‍ട്രോള്‍ റൂമിലും സ്റ്റേഷനുകളിലും ഫീഡ് ലഭ്യമായ ക്യാമറകളുടെ വിവരങ്ങളും ശേഖരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകളുടെ വിവരങ്ങള്‍ അതത് സ്റ്റേഷനുകളില്‍ ശേഖരിച്ച് സൂക്ഷിക്കും.
പൊലീസിന്‍റെ ക്യാമറകളില്‍ പ്രവര്‍ത്തനരഹിതമായവ ഉടനടി അറ്റകുറ്റപ്പണി നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും ക്യാമറകളില്‍ കേടായത് നന്നാക്കാന്‍ അതത് വകുപ്പുകളോട് അഭ്യർഥിക്കും.