
Perinthalmanna Radio
Date: 24-11-2022
നിലവിലെ അധ്യയന വർഷത്തെ പൊതു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി. പരീക്ഷ 2023 മാർച്ച് ഒൻപത് മുതൽ 29-വരെ നടത്തും. മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27-ന് ആരംഭിച്ച് മാർച്ച് മൂന്നിന് അവസാനിക്കും. പരീക്ഷാഫലം മെയ് 10-നുള്ളിൽ പ്രഖ്യാപിക്കും. മൂല്യ നിർണ്ണയം ഏപ്രിൽ മൂന്നിന് ആരംഭിക്കാനാണ് സർക്കാർ തീരുമാനം.
മാർച്ച് 10 മുതൽ 30വരെയാണ് ഹയർ സെക്കൻഡറി- വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ്ടു പരീക്ഷ. ഫെബ്രുവരി 27 മുതൽ മാർച്ച് മൂന്നുവരെയാണ് മാതൃകാ പരീക്ഷകൾ. ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി ഒന്നിനും വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷകൾ ജനുവരി 25-നും ആരംഭിക്കും. ഏപ്രിൽ മൂന്നിന് മൂല്യനിർണ്ണയം ആരംഭിച്ച് മെയ് 25-നകം ഫലം പ്രഖ്യാപിക്കും.
നാലരലക്ഷത്തിലധികം വിദ്യാർഥികളാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുക. എഴുപത് മൂല്യനിർണ്ണയ ക്യാമ്പുകളുണ്ടാവും. ഒൻപതു ലക്ഷത്തിലധികം വിദ്യാർഥികൾ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ എഴുതും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 60,000-ത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതും. 82 മൂല്യനിർണ്ണയ ക്യാമ്പുകളാണ് ഹയർ സെക്കൻഡറിയിൽ ഉണ്ടാവുക. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എട്ടു മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടാവും.
തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് തീയതികൾ പ്രഖ്യാപിച്ചത്. പരീക്ഷാ തീയതിയും ഫലം പുറത്തുവരുന്ന തീയതിയുമടക്കം വളരെ നേരത്തെ തന്നെ പ്രഖ്യാപിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.