
Perinthalmanna Radio
Date: 26-02-2023
മാർച്ചിലേക്ക് കടക്കുമ്പോൾ കേരളത്തിൽ കനത്തചൂട്. പലയിടത്തും പകൽച്ചൂട് 38 ഡിഗ്രി സെൽഷ്യസിന് മുകളിലായി. കണ്ണൂർ, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ചിലയിടങ്ങളിൽ ഉച്ചയ്ക്കുശേഷം ചൂട് 40 ഡിഗ്രി കടക്കുന്നുണ്ട്.
ഇന്ത്യൻ കാലാവസ്ഥാവകുപ്പ് സ്ഥിതിവിവരം ശേഖരിക്കുന്ന സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽനിന്നുള്ള കണക്കനുസരിച്ച് ഏതാനും സ്ഥലങ്ങളിൽ മാത്രമാണ് ഈ ദിവസങ്ങളിൽ ചൂട് ദീർഘകാല ശരാശരിയിൽനിന്ന് കൂടിനിൽക്കുന്നത്. വെള്ളിയാഴ്ച കോഴിക്കോട് 2.2 ഡിഗ്രി കൂടുതലായിരുന്നു. തിരുവനന്തപുരത്ത് 1.1 ഡിഗ്രിയും കൊച്ചി വിമാനത്താവളത്തിൽ ഒരുഡിഗ്രിയും കൂടുതലായിരുന്നു. ശനിയാഴ്ച ഇവിടങ്ങളിൽ കാര്യമായ വർധന രേഖപ്പെടുത്തിയില്ല.
പരമ്പരാഗതമായി, വിവരം ശേഖരിക്കുന്ന കേന്ദ്രങ്ങൾ ഭൂരിഭാഗവും നഗരകേന്ദ്രികൃതമാണ്. കാസർകോട്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽനിന്ന് വിവരം ശേഖരിക്കാറുമില്ല. അതിനാൽ ഉൾപ്രദേശങ്ങളിലെ സ്ഥിതി അറിയാൻ വഴിയില്ലായിരുന്നു.
എന്നാൽ, കാലാവസ്ഥാവകുപ്പ് അടുത്തിടെ 100 സ്വയംനിയന്ത്രിത കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇവയിലേറെയും ഉൾപ്രദേശങ്ങളിലാണ്. ഈ കേന്ദ്രങ്ങളിൽനിന്നുള്ള ചൂടിന്റെ ചിത്രം വ്യത്യസ്തമാണ്. ഇവയിൽ 20 കേന്ദ്രങ്ങളിൽ ശനിയാഴ്ച 37 ഡിഗ്രിക്ക് മുകളിലായിരുന്നു പകൽച്ചൂട്.
അടുത്തിടെ പ്രവർത്തിച്ചുതുടങ്ങിയ ഇവിടങ്ങളിൽ കഴിഞ്ഞവർഷത്തെ സ്ഥിതിവിവരം ലഭ്യമല്ലാത്തതിനാൽ താരതമ്യം സാധ്യമല്ല. എങ്കിലും, കേരളത്തെ സംബന്ധിച്ച് കനത്തചൂടാണിത്. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ വേനൽക്കാലത്തെ സംബന്ധിച്ച പ്രവചനം മാർച്ച് ആദ്യം കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറത്തിറക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ