
Perinthalmanna Radio
Date: 16-12-2022
കരയിൽ മാത്രമല്ല, കടലിനടിയിലും കട്ടൗട്ട് സ്ഥാപിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുകയാണ് ആരാധകർ. ലക്ഷദ്വീപിലെ കവരത്തിയിൽനിന്നാണ് കൗതുകമുണർത്തുന്ന കാഴ്ച. കടുത്ത അർജന്റീന ആരാധകനായ മുഹമ്മദ് സാദിഖും കൂട്ടുകാരുമാണ് കടലിനടിയിലും മെസ്സിയെ പ്രതിഷ്ഠിച്ചത്.
ക്രൊയേഷ്യക്കെതിരെ അർജന്റീന ജയിച്ചാൽ കടലിനടയിലും മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുമെന്ന് സെമി പോരാട്ടത്തിന് തൊട്ടുമുമ്പ് സാദിഖ് പ്രഖ്യാപിച്ചിരുന്നു. മൂന്നു ഗോളിന് ജയിച്ച് അർജന്റീന ഫൈനലിൽ എത്തിയതോടെയാണ് അറബിക്കടലിനടയിൽ 15 മീറ്റർ താഴ്ചയിൽ സ്കൂബാ ടീമിന്റെ സഹായത്തോടെ കട്ടൗട്ട് സ്ഥാപിച്ചത്. ആഴക്കടലിനു തൊട്ടു മുമ്പുള്ള ‘അദ്ഭുത മതിൽ’ എന്നറിയപ്പെടുന്ന സ്ഥലത്തെ പവിഴപ്പുറ്റുകൾക്ക് ഇടയിലാണ് ‘മെസ്സി’ ഇടം പിടിച്ചത്.
കടലിനടയിലെ മെസ്സിയുടെ കട്ടൗട്ടും ഇതിന്റെ വിഡിയോകളുമെല്ലാം ഇപ്പോൾ വൈറലാണ്. ”പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട്. അർജന്റീന ഫൈനലിൽ എത്തിയാൽ മെസ്സിയുടെ കട്ടൗട്ട് കടലിനടിയിൽ വെക്കുമെന്ന് പറഞ്ഞു, വെച്ചു. നമ്മുടെ ചെക്കൻ പവിഴപ്പുറ്റുകൾക്കും വർണ മത്സ്യങ്ങൾക്കും ഇടയിൽ നിന്നത് കണ്ടോ…”, എന്ന കുറിപ്പോടെയാണ് സാദിഖ് ഇതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ലക്ഷദ്വീപിന്റെ അർജന്റീന സ്നേഹം ലോകമറിയട്ടെ എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നതെന്ന് സാദിഖ് പറയുന്നു. കവരത്തിയിലെ സർക്കാർ സ്കൂളിൽ കായിക വിഭാഗത്തിൽ ജീവനക്കാരനാണ് വ്ലോഗർ കൂടിയായ സാദിഖ്.
