മെസ്സി മാജിക്കിൽ അർജൻ്റീന ക്വാർട്ടർ ഫൈനലില്‍

Share to

Perinthalmanna Radio
Date: 04-12-2022

ലിയോണല്‍ മെസിയുടെ സുവര്‍ണകാലുകള്‍ തുടക്കമിട്ടു, ജൂലിയന്‍ ആല്‍വാരസ് അതിസുന്ദരമായി പൂര്‍ത്തിയാക്കി, ഫിഫ ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ വന്‍മതില്‍ പൊളിച്ച് അര്‍ജന്‍റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടിനെതിരെ ഒരു ഗോളിനാണ് സ്‌കലോണിയും സംഘവും വിജയഗാഥ തുടരുന്നത്. ആദ്യപകുതിയിലെ ലിയോണല്‍ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റില്‍ ജൂലിയന്‍ ആല്‍വാരസിലൂടെ അര്‍ജന്‍റീന ലീഡ് രണ്ടാക്കിയപ്പോള്‍ 77-ാം മിനുറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോള്‍ വഴങ്ങിയത് മാത്രമാണ് മത്സരത്തിലെ ഏക ട്വിസ്റ്റ്.

മെസിയുടെ 45 മിനുറ്റ്

കിക്കോഫായി നാലാം മിനുറ്റില്‍ ഗോമസിന്‍റെ ക്രോസ് ബാക്കസിന്‍റെ കയ്യില്‍ തട്ടിയപ്പോള്‍ അര്‍ജന്‍റീനന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. 18-ാം മിനുറ്റില്‍ ഓസീസ് മുന്നേറ്റം ഗോള്‍ലൈനിനരികെ ഡി പോള്‍ തടുത്തു. അര്‍ജന്‍റീനന്‍ താരങ്ങളെ ബോക്‌സിലേക്ക് കയറാന്‍ അനുവദിക്കാതെ പൂട്ടുകയാണ് ഓസ്ട്രേലിയന്‍ ഡിഫന്‍സ് ചെയ്യുന്നത്. ഇതിനിടെയായിരുന്നു 35-ാം മിനുറ്റില്‍ മെസിയുടെ സുന്ദരന്‍ ഫിനിഷിംഗ്. എല്ലാം തുടങ്ങിയത് ഒരു ഫ്രീകിക്കില്‍ നിന്നാണ്. മെസിയെടുത്ത കിക്ക് സൗട്ടര്‍ തട്ടിയകറ്റി. പന്ത് വീണ്ടും കാലുകൊണ്ട് വീണ്ടെടുത്ത മെസി മാക് അലിസ്റ്ററിന് മറിച്ചുനല്‍കി. അവിടെനിന്ന് ബോള്‍ നേരെ ഡീ പോളിലേക്ക്. വീണ്ടും കാല്‍കളിലേക്ക് നീന്തിയെത്തിയ പന്തിനെ മെസി, റയാന് അര്‍ധാവസരം പോലും നല്‍കാതെ വലയിലെത്തിക്കുകയായിരുന്നു.

രണ്ടാംപകുതി ആവേശം

50-ാം മിനുറ്റില്‍ പപു ഗോമസിനെ വലിച്ച് അര്‍ജന്‍റീന ലിസാണ്ട്രോ മാര്‍ട്ടിനസിനെ ഇറക്കി. തൊട്ടുപിന്നാലെ മെസിയുടെ നിലംപറ്റെയുള്ള ഷോട്ട് റയാന്‍ അനായാസം പിടികൂടി. എന്നാല്‍ 57-ാം മിനുറ്റില്‍ അര്‍ജന്‍റീന ലീഡ് രണ്ടാക്കി. റോള്‍സിന്‍റെ ബാക് പാസ് തട്ടിയകറ്റാന്‍ റയാന്‍ വൈകിയപ്പോള്‍ ഡി പോള്‍ നടത്തിയ ഇടപെടലാണ് ആല്‍വാരസിന്‍റെ കാലുകളിലേക്ക് പന്ത് എത്തിച്ചത്. 77-ാം മിനുറ്റില്‍ ഗുഡ്‌വിന്‍റെ ലോംഗ് റേഞ്ചര്‍ ഷോട്ട് എന്‍സോയുടെ ഡിഫ്ലക്ഷനില്‍ വലയിലേക്ക് തുളഞ്ഞുകയറി. പിന്നാലെ ഇരു ടീമുകളും അടുത്ത ഗോളിനായി പൊരുതിയെങ്കിലും അര്‍ജന്‍റീന 2-1ന് മത്സരം തങ്ങളുടേതായി അവസാനിപ്പിച്ചു. അവസരങ്ങള്‍ കളഞ്ഞുകുളിച്ച് ലൗറ്റാരോ മാര്‍ട്ടിനസ് അര്‍ജന്‍റീനന്‍ വിജയത്തിന്‍റെ ശോഭ കുറച്ചു.

ഇന്നത്തെ മത്സരത്തോടെ പ്രൊഫഷനല്‍ കരിയറില്‍ ലിയോണല്‍ മെസി 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അര്‍ജന്‍റീനയ്ക്കായി 169 മത്സരങ്ങള്‍ കളിച്ച മെസി ക്ലബ് തലത്തില്‍ ബാഴ്‌സലോണയില്‍ 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കൊപ്പം ലിയോയ്ക്ക് 53 മത്സരങ്ങളായി. കരിയറിലെ ആയിരാമത്തെ മത്സരത്തില്‍ മെസി വല ചലിപ്പിക്കുകയും ചെയ്തു.


Share to

Leave a Reply

Your email address will not be published. Required fields are marked *