Perinthalmanna Radio
Date: 16-12-2022
ദോഹ: കാൽപന്തുകളിയുടെ രാജമാമാങ്കത്തിൽ ഇനി കലാശപ്പോരിലേക്കുള്ള കാത്തിരിപ്പ്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് ലുസൈൽ എന്ന സുന്ദര കളിമുറ്റത്ത് നിലവിലെ ജേതാക്കളായ ഫ്രാൻസും മുൻ ജേതാക്കളായ അർജന്റീനയും ഫൈനലിൽ ഏറ്റുമുട്ടും. സെമി വരെ അത്ഭുതക്കുതിപ്പ് നടത്തിയ മൊറോക്കോയെ 2-0ത്തിന് കീഴടക്കിയാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം കിരീടപോരാട്ടത്തിന് അർഹത നേടിയത്.
അഞ്ചാം മിനിറ്റിൽ തിയോ ഹെർണാണ്ടസും 79ാം മിനിറ്റിൽ പകരക്കാരൻ കോളോ മുവാനിയുമാണ് മൊറോക്കോക്ക് സെമിയിൽ പുറത്തേക്ക് വഴികാട്ടിയത്. ആദ്യ ഗ്രൂപ് മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റ ശേഷം, ഓരോ മത്സരത്തിലും മികവ് തുടരുന്ന അർജന്റീനയുടെ കിരീടപ്രതീക്ഷ വാനോളമാണ്.
ക്രൊയേഷ്യയെ സെമിയിൽ 3-0ത്തിന് തകർത്താണ് ടീമിന്റെ ഫൈനലിലേക്കുള്ള വരവ്. മെസ്സിയും യുവനിരയും കനക കിരീടമുയർത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. കിരീടമണിഞ്ഞാൽ ആറു പതിറ്റാണ്ടിനുശേഷം കിരീടം നിലനിർത്തുന്ന ടീമായി ഫ്രഞ്ചുപട മാറും. ഇരുടീമുകൾക്കും ഇത് മൂന്നാം കിരീടത്തിനായുള്ള പോരാട്ടമാണ്. 1998ലും 2018ലുമായിരുന്നു ഫ്രാൻസ് ജേതാക്കളായത്. 1978ലും 86ലും അർജന്റീനയും കപ്പുയർത്തി.
അഞ്ചു ഗോളുകൾ വീതം നേടി മെസ്സിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും ഇത്തവണ സുവർണ ബൂട്ടിനും പന്തിനുമുള്ള കടുത്ത മത്സരത്തിലാണ്. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് ലൂസേഴ്സ് ഫൈനലിൽ മൊറോക്കോ ക്രൊയേഷ്യയെ നേരിടും.