
Perinthalmanna Radio
Date: 02-12-2022
ഖത്തർ ലോകകപ്പ് ഫുട്ബോളിൽ നിന്ന് വമ്പൻ ടീമുകളായ ജർമനിയും ബെൽജിയവും പുറത്ത്. കോസ്റ്ററീക്കയോട് ജയിച്ചിട്ടും (4-2) ഇ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായതോടെയാണ് ജർമനി പുറത്തായത്. സ്പെയിനിനും ജർമനിക്കും നാലു പോയൻറായെങ്കിലും ഗോൾ ശരാശരിയിൽ സ്പെയിൻ മുന്നേറി. െക്രായേഷ്യയോട് സമനില (0-0) പാലിച്ചതോടെയാണ് ബെൽജിയം പുറത്തായത്.
മരണ ഗ്രൂപ്പായ ഇ-യിൽ ചാമ്പ്യന്മാരായി ഏഷ്യൻ ടീമായ ജപ്പാൻ പ്രീക്വാർട്ടറിൽ കടന്നു. രണ്ടാം സ്ഥാനക്കാരായി സ്പെയിനും. എഫ് ഗ്രൂപ്പിൽ നിന്ന് മൊറോക്കോയും ക്രൊയേഷ്യയും പ്രീക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിൽ ജപ്പാൻ ക്രൊയേഷ്യയെയും സ്പെയിൻ മൊറോക്കോയെയും നേരിടും. വെള്ളിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ജർമനി കോസ്റ്ററീക്കയെയും (4-2) ജപ്പാൻ സ്പെയിനിനെയും (2-1) മറികടന്നു.
ജർമനിക്കു വേണ്ടി കെയ് ഹാവെർട്സ് ഇരട്ടഗോൾ (73, 85) നേടി. സെർജി നബ്രി (10), നിക്ളാസ് ഫുൾക്രൂഗ് (89) എന്നിവരും സ്കോർ ചെയ്തു. കോസ്റ്ററീക്കയ്ക്കു വേണ്ടി യെൽത്സിൻ തെജേദയും (58) യുവാൻ പാബ്ലോ വർഗാസും (70) സ്കോർ ചെയ്തു. ജപ്പാനു വേണ്ടി റിറ്റ്സു ഡോനും (48) അവോ തനാകയും (51) സ്പെയിനിനു വേണ്ടി അൽവാരോ മൊറാട്ടയും (11) ഗോൾ നേടി.
എഫ് ഗ്രൂപ്പ് ജേതാക്കളായാണ് മൊറോക്കോ മുന്നേറിയത്. രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യയും. മൊറോക്കോ കാനഡയെ മറികടന്നു (2-1). ലോക റാങ്കിങ്ങിൽ രണ്ടാമതുള്ള ടീമാണ് പുറത്തായ ബെൽജിയം. കാനഡയ്ക്കെതിരേ ഹക്കിം സിയേച്ച് (4), യൂസെഫ് എൻ-നെസ്രി (23) എന്നിവർ മൊറോക്കോയ്ക്ക് വേണ്ടി സ്കോർ ചെയ്തു. കാനഡയുടെ അക്കൗണ്ടിൽ വന്ന ഗോൾ മൊറോക്കോയുടെ നയേഫ് അഗ്വേഡിന്റെ (40) സെൽഫ് ഗോളായിരുന്നു.
