സ്വന്തം മൈതാനത്ത് മുംബൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

Share to

Perinthalmanna Radio
Date: 28-10-2022

കലൂരിലെ മഞ്ഞക്കടലിന് സങ്കടത്തിന്‍റെ രാത്രി, ഇന്ത്യന്‍ സൂപ്പർ ലീഗില്‍ വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങള്‍ പാളി. മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് തോല്‍വി വഴങ്ങി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിന്‍റെ തോല്‍വി. മെഹത്താബ് സിംഗും ഹോർഗെ പെരേര ഡിയാസുമാണ് മുംബൈക്കായി ലക്ഷ്യം കണ്ടത്. രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് കനത്ത ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാറിനിന്നു.

കലൂരിലേക്കുള്ള തിരിച്ചുവരവില്‍ ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആവേശം കുറഞ്ഞുപോയി. ഇതോടെ മുംബൈ സിറ്റി എഫ്സിയുടെ മേധാവിത്വം കൊണ്ട് ശ്രദ്ധേയമായി ആദ്യ 45 മിനുറ്റ്. ഇരു ടീമിന്‍റേയും ഗോള്‍കാത്തിരിപ്പ് അവസാനിപ്പിച്ച് 21-ാം മിനുറ്റില്‍ മുംബൈ സിറ്റി എഫ്സി മെഹത്താബ് സിംഗിലൂടെ മുന്നിലെത്തി. കോർണറില്‍ നിന്ന് കിട്ടിയ അവസരം മുതലാക്കി പ്രതിരോധതാരമായ മെഹ്താബ് ഇടംകാല്‍ കൊണ്ട് പന്ത് മഞ്ഞപ്പടയുടെ വലയിലേക്ക് പന്ത് പായിക്കുകയായിരുന്നു. 10 മിനുറ്റിന്‍റെ ഇടവേളയില്‍ മുംബൈ സിറ്റി രണ്ടാം ഗോള്‍ കണ്ടെത്തി. ബ്ലാസ്റ്റേഴ്സ് മുന്‍താരം കൂടിയായ ഹോർഗെ പെരേര ഡിയാസാണ് ഇക്കുറി ഗോള്‍വല കടന്നത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവ് മുതലാക്കിയായിരുന്നു ഡിയാസിന്‍റെ കൂള്‍ ഫിനിഷിംഗ്.

രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫിനിഷിംഗ് പോരായ്മകളും ഗോള്‍ബാറും വിലങ്ങുതടിയായി. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് നാല് മത്സരങ്ങളില്‍ സീസണിലെ മൂന്നാംതോല്‍വി ക്ഷണിച്ചുവരുത്തുകയായിരുന്നു. കൊച്ചിയില്‍ ഈസ്റ്റ് ബംഗാളിനോട് ജയത്തോടെ സീസണ്‍ തുടങ്ങിയ മഞ്ഞപ്പടയ്ക്ക് പിന്നാലെ സ്വന്തം പാളയത്തില്‍ എടികെ മോഹന്‍ ബഗാനോടും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ എവേ മത്സരത്തിൽ ഒഡിഷ എഫ്സിയോടും തോല്‍വി നേരിട്ടിരുന്നു. നാല് കളിയില്‍ ഒരു ജയം മാത്രമുള്ള മഞ്ഞപ്പട 9-ാംസ്ഥാനത്താണ്.

Share to