Perinthalmanna Radio
Date: 17-02-2023
ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിന്റെ പ്ലേ ഓഫിൽ പ്രവേശിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ് സി, എഫ് സി ഗോവയെ പരാജയപ്പെടുത്തിയതാണ് അവസാന രണ്ട് കളികൾ ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചത്.
പ്ലേ ഓഫ് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് ഭീഷണിയായി രംഗത്തുണ്ടായിരുന്ന ഗോവക്ക് നിലവിൽ 19 കളികളിൽ 27 പോയിന്റാണുള്ളത്. അവസാന കളിയിൽ വിജയം നേടിയാലും അവരുടെ പോയിന്റ് നേട്ടം 30 വരെയെ എത്തൂ. ബ്ലാസ്റ്റേഴ്സിന് ഇപ്പോൾത്തന്നെ 31 പോയിന്റുകളുണ്ട്. അതിനാൽ മഞ്ഞപ്പട ശേഷിക്കുന്ന രണ്ട് കളികളിൽ പരാജയപ്പെട്ടാലും ചുരുങ്ങിയത് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും.
കേരള ബ്ലാസ്റ്റേഴ്സിന് പുറമേ ബെംഗളൂരു എഫ് സിയും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. 31 പോയിന്റാണ് നിലവിൽ ബെംഗളൂരുവിന്റെ സമ്പാദ്യം. ഒരു മത്സരം അവശേഷിക്കുന്നുമുണ്ട്ം ഈ സീസൺ മുതൽ പോയിന്റ് പട്ടികയിൽ ആദ്യ 6 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക്‌യോഗ്യത നേടുന്നത്.
ഇത് തുടർച്ചയായ രണ്ടാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫിലെത്തുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്. നേരത്തെ ഗോവയിൽ വെച്ചു നടന്ന കഴിഞ്ഞ സീസണിൽ ഉജ്ജ്വല കുതിപ്പ് നടത്തി പ്ലേ ഓഫിലെത്തിയ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഐ എസ് എൽ ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലാംപ്ലേ ഓഫ് പ്രവേശനം കൂടിയാണിത്. കഴിഞ്ഞ സീസണ് പുറമേ 2014, 2016 സീസണുകളിലാണ് ബ്ലാസ്റ്റേഴ്സ് ഇതിന് മുൻപ് പ്ലേ ഓഫ് കണ്ടത്.
ഈ സീസണിൽ 18 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് 10 ജയവും ഒരു സമനിലയുമടക്കമാണ് 31 പോയിന്റ് നേടിയിരിക്കുന്നത്. ഇനി രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുള്ളതിനാൽ അവരുടെ പോയിന്റ് നേട്ടം ഇനിയും ഉയരാൻ സാധ്യതയുണ്ട്. മുംബൈ സിറ്റി എഫ് സിയും, ഹൈദരാബാദ് എഫ് സിയും പോയിന്റ് പട്ടികയിലെ ആദ്യ 2 സ്ഥാനങ്ങൾ ഉറപ്പിച്ച് സെമി യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു.
അതേ സമയം പോയിന്റ് പട്ടികയിൽ 3 മുതൽ 6 വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് സെമി യോഗ്യതക്കായി നോക്കൗട്ട് മത്സരങ്ങൾ കളിക്കേണ്ടി വരും. ഇതിൽ 3, 4 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ച് നോക്കൗട്ട് മത്സരം കളിക്കാം. അതിനാൽ ഈ സ്ഥാനങ്ങളിൽ ഏതെങ്കിലുമാകും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ