Perinthalmanna Radio
Date: 18-02-2023
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളടിച്ച് നിര്‍ണായക ജയവുമായി എടികെ മോഹന്‍ ബഗാന്‍ പ്ലേ ഓഫില്‍. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് എടികെയുടെ വിജയം. 16-ാം മിനുറ്റില്‍ ദിമിത്രിയോസ് ഡയമന്‍റക്കോസിന്‍റെ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയപ്പോള്‍ 23-ാം മിനുറ്റില്‍ കാള്‍ മക്‌ഹ്യൂം സമനില നേടിയതോടെ 1-1ന് മത്സരം ഇടവേളയ്ക്ക് പിരിഞ്ഞിരുന്നു. 72-ാം മിനുറ്റില്‍ രണ്ടാം ഗോള്‍ നേടി മക്‌ഹ്യൂം എടികെയുടെ ജയമുറപ്പിച്ചു. ഇതിനിടെ 64-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ രാഹുല്‍ കെ പി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
എടികെ മോഹന്‍ ബഗാനെതിരെ 4-4-2 ശൈലിയില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ദിമിത്രിയോസ് ഡയമന്‍റക്കോസും അപ്പസ്‌തോലോസ് ജിയാന്നുവും ആക്രമണത്തിന് നിയോഗിക്കപ്പെട്ടപ്പോള്‍ തൊട്ടുപിന്നിലായി മധ്യനിരയില്‍ ബ്രൈസ് മിറാണ്ടയും ഇവാന്‍ കല്യൂഷ്‌നിയും ജീക്‌സണ്‍ സിംഗും മലയാളി താരം രാഹുല്‍ കെ പിയുമെത്തി. ക്യാപ്റ്റന്‍ ജെസ്സൽ കാർണെയ്റോ, വിക്‌ടര്‍ മോംഗില്‍, ഹോര്‍മിപാം, നിഷുകുമാര്‍ എന്നിവരായിരുന്നു പ്രതിരോധത്തില്‍. വല കാക്കാന്‍ പ്രഭ്‌സുഖന്‍ ഗില്ലുമിറങ്ങി. ആദ്യപകുതിയില്‍ ലീഡ് നേടിയതിന് ശേഷം സമനില നിലനിര്‍ത്തിയപ്പോള്‍ രണ്ടാംപകുതിയില്‍ രാഹുലിന്‍റെ ചുവപ്പ് കാര്‍ഡിന് പിന്നാലെ മഞ്ഞപ്പട തോല്‍വി വഴങ്ങുകയായിരുന്നു. ഇതോടെ സീസണില്‍ എടികെയോട് ഇരുപാദങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റു.
ഇന്നത്തെ ആദ്യ മത്സരത്തില്‍ കരുത്തരായ ഹൈദരാബാദ് എഫ്‌സിക്കെതിരെ ജംഷഡ്‌പൂര്‍ എഫ്‌സി രണ്ടിനെതിരെ മൂന്ന് ഗോളിന്‍റെ ജയം നേടി. കിക്കോഫായി 12-ാം മിനുറ്റില്‍ സൂപ്പര്‍ താരം ബെര്‍ത്തലോമ്യൂ ഒഗ്‌ബച്ചേയുടെ ഗോളില്‍ ഹൈദരാബാദ് ആദ്യം മുന്നിലെത്തി. എന്നാല്‍ റിത്വിക് ദാസും(22), ജേ ഇമ്മാനുവേല്‍ തോമസും(27), ഡാനിയേല്‍ ചിമയും(29) ജംഷഡ്‌പൂരിന് 45 മിനുറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 3-1ന്‍റെ ലീഡ് സമ്മാനിച്ചു. 79-ാം മിനുറ്റില്‍ ഒഗ്‌ബച്ചെ രണ്ടാം ഗോള്‍ നേടിയെങ്കിലും ഹൈദരാബാദിന് ജയിക്കാനായില്ല. ഇന്ന് ജയിച്ചെങ്കിലും ഇതിനകം പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്‌തമിച്ച ടീമാണ് ജംഷഡ്‌പൂര്‍ എഫ്‌സി എങ്കില്‍ സീസണിലെ രണ്ടാം സ്ഥാനക്കാരാണ് ഹൈദരാബാദ് എഫ്‌സി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ