Perinthalmanna Radio
Date: 26-02-2023
കൊച്ചി ∙ ഐഎസ്എൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കരുത്തരായ ഹൈദരാബാദ് എഫ്സിയാണ് കൊച്ചിയിലെ കളിമുറ്റത്ത് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹൈദരാബാദിന്റെ വിജയം. ആദ്യപകുതിയിൽ ബോർഹ ഹെരേരയാണ് ഹൈദരാബാദിന്റെ വിജയഗോൾ നേടിയത്. 29–ാം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഹാലിചരൺ നർസാരിയുടെ പാസിൽ നിന്നായിരുന്നു ഹെരേരയുടെ ഗോൾ. ഇരു പകുതികളിലുമായി ഹൈദരാബാദ് നേടിയ രണ്ടു ഗോളുകൾ ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയത് ബ്ലാസ്റ്റേഴ്സിന്റെ പരാജയഭാരം കുറച്ചു.
തോൽവിയോടെ 20 മത്സരങ്ങളിൽനിന്ന് 31 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ലീഗ് ഘട്ടത്തിൽ അഞ്ചാം സ്ഥാനത്തെത്തി. മാർച്ച് മൂന്നിന് നടക്കുന്ന മത്സരത്തിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്, നാലാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സിയെ നേരിടും. ബെംഗളൂരുവിന്റെ തട്ടകത്തിലാണ് മത്സരം. ഒടുവിൽ കളിച്ച എട്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാം തോൽവിയാണിത്. 20 കളികളിൽനിന്ന് 13–ാം വിജയം കുറിച്ച ഹൈദരാബാദ് എഫ്സിയാകട്ടെ, നേരത്തേ തന്നെ രണ്ടാം സ്ഥാനത്തോടെ സെമി ഉറപ്പാക്കിയിരുന്നു.
പൊതുവെ ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തിയ ആദ്യപകുതിയുടെ 29–ാം മിനിറ്റിലാണ് ഹൈദരാബാദ് മത്സരഫലം നിശ്ചയിച്ച ഗോൾ നേടിയത്. മധ്യവരയ്ക്കു സമീപത്ത് പന്തിനായി ബ്ലാസ്റ്റേഴ്സ് നായകൻ ജെസ്സൽ കാർണെയ്റോയും ഹൈദരാബാദ് താരം മുഹമ്മദ് യാസിറും തമ്മിൽ പോരാട്ടം. പന്തു പിടിച്ചെടുത്ത യാസിർ മുന്നോട്ട് ഓടിക്കയറി അത് ഇടതുവിങ്ങിൽ ഹാലിചരണ്‍ നർസാരിക്കു നീട്ടിനൽകി. ഉള്ളിലേക്ക് വെട്ടിത്തിരിച്ച് നർസാരി നൽകിയ പന്തിൽ ബോർഹ ഹെരേരയുടെ തകർപ്പൻ ഫിനിഷിങ്. സ്കോർ 1–0.
യുവതാരങ്ങളായ ആയുഷ് അധികാരി, മലയാളി കൂടിയായ വിബിൻ മോഹനൻ എന്നിവർക്ക് സീസണിലാദ്യമായി ആദ്യ ഇലവനിൽ അവസരം നൽകിയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് ടീമിനെ ഇറക്കിയത്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട കെ.പി.രാഹുൽ ഇന്ന് കളിച്ചില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ