Perinthalmanna Radio
Date: 03-03-2023
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബെംഗളൂരുവും ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള ആദ്യ പ്ലേഓഫ് മത്സരത്തില്‍ ബെംഗളൂരുവിന് വിജയം. നാടകീയമായ രംഗങ്ങളിലേക്ക് നീണ്ട മത്സരത്തില്‍ 96-ാം മിനിറ്റില്‍ ബെഗളൂരുവാണ് ലീഡെടുത്തത്. ലഭിച്ച ഫ്രീകിക്ക് വേഗത്തില്‍ വലയിലാക്കി ബെംഗളൂരുവിനായി സുനില്‍ ഛേത്രിയാണ് ഗോളടിച്ചത്. പിന്നാലെ പ്രതിഷേധവുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടു. താരങ്ങള്‍ തയ്യാറാകുന്നതിന് മുന്നേയാണ് കിക്കെടുത്തതെന്നും അതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചു. റഫറി ഗോള്‍ അനുവദിച്ചതിനാല്‍ കോച്ച് ഇവാന്‍ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിച്ചു ഇതിന് പിന്നാലെ താരങ്ങള്‍ മൈതാനം വിട്ടു. ഏറെ നേരം കഴിഞ്ഞിട്ടും താരങ്ങള്‍ കളത്തിലിറങ്ങാതിരുന്നു. ഒടുവില്‍ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു.
സ്വന്തം തട്ടകത്തില്‍ ബെംഗളൂരുവിന്റെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. അഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് പെനാല്‍റ്റി ബോക്‌സിനടുത്തു വെച്ച് കിട്ടിയ ഫ്രീകിക്ക് അപകടം വിതച്ചാണ് കടന്നുപോയത്. ജാവി ഹെര്‍ണാണ്ടസെടുത്ത കിക്ക് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചെങ്കിലും വീണ്ടും അപകടം വിതച്ചു. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് ബെംഗളൂരു നിരവധി മുന്നേറ്റങ്ങളും നടത്തി.
13-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ ഹെഡര്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. ബെംഗളൂരു മുന്നേറ്റം കൗണ്ടര്‍ അറ്റാക്കുകളുമായി കളം നിറഞ്ഞപ്പോള്‍ പ്രതിരോധിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ബുദ്ധിമുട്ടി. 24-ാം മിനിറ്റില്‍ രണ്ടുതവണ റോയ് കൃഷ്ണ മഞ്ഞപ്പടയുടെ പെനാല്‍റ്റി ബോക്‌സില്‍ വെല്ലുവിളിയുയര്‍ത്തി. ഇടതുവിങ്ങില്‍ നിന്നുതിര്‍ത്ത ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗില്‍ തട്ടിയകറ്റിയപ്പോള്‍ പിന്നാലെ ഹെഡര്‍ ലക്ഷ്യം കാണാതെ പുറത്തുപോയി.
കിട്ടിയ അവസരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സും ചെറിയ മുന്നേറ്റങ്ങള്‍ നടത്തി. 40-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ ഇരച്ചെത്തിയ ജാവി ഹെര്‍ണാണ്ടസ് ഉഗ്രന്‍ ഷോട്ടുതിര്‍ത്തു. എന്നാല്‍ അഡ്രിയാന്‍ ലൂണ തലകൊണ്ട് കൃത്യമായ പ്രതിരോധം തീര്‍ത്തതോടെ ബ്ലാസ്‌റ്റേഴ്‌സ് ആശ്വസിച്ചു. പിന്നാലെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിലും ആദ്യ പകുതിക്ക് സമാനമെന്നോണം ബെംഗളൂരുവാണ് ആധിപത്യം പുലര്‍ത്തിയത്. 59-ാം മിനിറ്റില്‍ ബെംഗളൂരു എഫ്‌സി ഗോളിനടുത്തെത്തി. ബ്ലാസ്‌റ്റേഴ്‌സ് പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് സുരേഷ് സിങിന്റെ ഉഗ്രന്‍ ഷോട്ട് ഗോള്‍കീപ്പര്‍ ഗില്‍ തട്ടിയകറ്റി. 71-ാം മിനിറ്റില്‍ മുന്നേറ്റനിരക്കാരന്‍ ഡാനിഷ് ഫറൂഖിന് പകരം സഹലിനെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കി. ബെംഗളൂരു നിരയില്‍ സൂപ്പര്‍താരം സുനില്‍ ഛേത്രിയും മൈതാനത്തിറങ്ങി.
എന്നാല്‍ അവസാന ഘട്ടത്തില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. 81-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഡയമെന്റക്കോസിന്റെ ഹെഡര്‍ ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു കൈയ്യിലൊതുക്കി. 84-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെടുത്ത ഫ്രീകിക്ക് ബെംഗളൂരു കൃത്യമായി പ്രതിരോധിച്ചു. പിന്നാലെ 85-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് മികച്ച അവസരം ലഭിച്ചു. വലതുവിങ്ങില്‍ നിന്ന് രാഹുലിന്റെ ക്രോസ് ലൂണയ്ക്ക് ഹെഡ് ചെയ്യാനായില്ല. മത്സരം ഫുള്‍ടൈമില്‍ ഗോള്‍രഹിതമായി അവസാനിച്ചതോടെ എക്‌സ്ട്രാടൈമിലേക്ക് നീണ്ടു.
എക്‌സ്‌ട്രൈ ടൈമിന്റെ തുടക്കത്തില്‍ തന്നെ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 96-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് വേഗത്തില്‍ വലയിലാക്കി ബെംഗളൂരു ലീഡെടുത്തു. സുനില്‍ ഛേത്രിയാണ് ഗോളടിച്ചത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിച്ചു. താരങ്ങള്‍ തയ്യാറാകുന്നതിന് മുന്നേയാണ് കിക്കെടുത്തതെന്നും അതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചു. റഫറി ഗോള്‍ അനുവദിച്ചതിനാല്‍ കോച്ച് ഇവാന്‍ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിച്ചു ഇതിന് പിന്നാലെ താരങ്ങള്‍ മൈതാനം വിട്ടു. പിന്നാലെ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ