ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി; മുംബൈ നേടിയത് എതിരില്ലാത്ത 4 ഗോൾ

Share to

Perinthalmanna Radio
Date: 08-01-2023

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈ സിറ്റി എഫ്.സിയോട് ദയനീയമായി തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. ഏകപക്ഷീയമായ നാലു ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ തോൽവി. ആദ്യത്തെ 22 മിനിറ്റിലാണ് മുംബൈ നാലു ഗോളുകളും ബ്ലാസ്റ്റേഴ്സിന്‍റെ വലയിൽ അടിച്ചുകൂട്ടിയത്.

മുൻ ബ്ലാസ്റ്റേഴ്സ് താരം ജോർഹെ പെരേര ഡയസ് ഇരട്ടഗോളുകളുമായി തിളങ്ങി. നാലു, 22 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. ഗ്രെഗ് സ്റ്റുവാർട്ട് (10ാം മിനിറ്റിൽ), ബിപിൻ സിങ് (16) എന്നിവരാണ് മുംബൈക്കായി മറ്റു രണ്ടു ഗോളുകൾ നേടിയത്. പ്രതിരോധം മറന്ന് കളിച്ചതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. മത്സരത്തിൽ പന്തടക്കത്തിലും പാസ്സിങ്ങിലുമെല്ലാം മുൻതൂക്കം മുംബൈക്ക് തന്നെയായിരുന്നു. ജയത്തോടെ അവർ പോയന്‍റ് പട്ടികയിൽ ഹൈദരാബാദിനെ മറികടന്ന് ഒന്നാമതെത്തി.

നാലാം മിനിറ്റില്‍ മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ ഡയസ്സാണ് മുംബൈക്കു വേണ്ടി ആദ്യം വലകുലുക്കിയത്. ഇടതുവിങ്ങിലൂടെ ബോക്സിനുള്ളിലേക്ക് പന്തുമായി മുന്നേറിയ ബിപിന്‍ സിങ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ അത് തട്ടിയകറ്റി. എന്നാല്‍ പന്ത് റീബൗണ്ടായി നേരെയെത്തിയത് ഡയസ്സിന്റെ കാലിലേക്ക്. താരം ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം തട്ടിയിട്ടു.

10-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ച് മുംബൈ ലീഡുയര്‍ത്തി. ലാലിയൻസുവാല ചാങ്തെയുടെ മനോഹര ക്രോസ് ഹെഡറിലൂടെ സ്റ്റുവാർട്ട് വലയിലാക്കി. കയറിത്തട്ടാന്‍ ഗോള്‍കീപ്പര്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

16-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി മുംബൈ വീണ്ടും വലകുലുക്കി. ഇടതുവിങ്ങിൽനിന്ന് ഡയസ് നല്‍കിയ പാസ് സ്വീകരിച്ച ബിപിന്‍, ബോക്സിനുള്ളിൽനിന്ന് തൊടുത്ത ഷോട്ട് ഗോളിയെയും മറികടന്ന് ബോക്സിന്‍റെ വലതു മൂലയിലേക്ക്.

22ാം മിനിറ്റിലായിരുന്ന ഡയസിന്‍റെ രണ്ടാം ഗോൾ. ഗ്രൗണ്ടിന്‍റെ മധ്യത്തിൽനിന്ന് അഹമ്മദ് ജാഹു നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഡയസ്സ് ഗോൾകീപ്പറെയും കീഴ്പ്പെടുത്തി പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ആശ്വാസ ഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ക്രൊയേഷ്യൻ പ്രതിരോധ താരം മാർകോ ലെസ്കോവിച് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. വിലക്കുമാറി യുക്രെയ്ൻ താരം ഇവാൻ കലിയൂഷ്നി ടീമിൽ തിരിച്ചെത്തിയിരുന്നു.

13 മത്സരങ്ങളിൽനിന്ന് 10 ജയവും മൂന്നു സമനിലയുമായി 33 പോയന്‍റാണ് മുംബൈക്ക്. രണ്ടാമതുള്ള ഹൈദരാബാദിന് 13 മത്സരങ്ങളിൽനിന്ന് 31 പോയന്‍റ്. 25 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാമത് തന്നെ തുടരുന്നു. സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ നാലാമത്തെ തോൽവിയാണിത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *