കലാശപ്പോരിന് പാകിസ്ഥാന്‍; ആദ്യസെമിയില്‍ കീവീസിനെ തകര്‍ത്ത് ബാബറും സംഘവും

Share to

സിഡ്‌നി: പാകിസ്ഥാന്‍ ട്വന്റി- 20 ലോകകപ്പ് ഫൈനലില്‍ കടന്നു. അര്‍ധസെഞ്ച്വറി നേടിയ നായകന്‍ ബാബര്‍ അസമിന്റെയും ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവിലാണ് പാക് പട ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ന്യൂസിലന്റ് മുന്നോട്ടുവെച്ച 153 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന്‍ മൂന്ന്  വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യം കണ്ടത്. 


മോശം ഫോമിന്റെ പേരില്‍ ഏറെ പഴി കേട്ട ബാബര്‍ അസമിനൊപ്പം പാകിസ്ഥാന്റെ മുന്‍നിരയും സെമിയില്‍ ക്ലിക്കായി. ഇതോടെ അനായാസമായിട്ടായിരുന്നു പാക് വിജയം. ബാബര്‍ അസം 42 പന്തില്‍ 53 റണ്‍സെടുത്ത് പുറത്തായി. ഏഴു ബൗണ്ടറികളടങ്ങുന്നതാണ് ബാബറിന്റെ ഇന്നിംഗ്‌സ്. മുഹമ്മദ് റിസ് വാന്‍ 57 റണ്‍സെടുത്തു പുറത്തായി. മുഹമ്മദ് ഹാരിസ് 30 റണ്‍സെടുത്തു.
ആദ്യം ബാറ്റുചെയ്ത ന്യൂസിലന്റ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 35 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഡാരില്‍ മിച്ചലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കിവികള്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 


നായകന്‍ കെയ്ന്‍ വില്യംസണ്‍ 46 റണ്‍സെടുത്തു. മിച്ചലും 16 റണ്‍സെടുത്ത ജെയിംസ് നീഷവും പുറത്താകാതെ നിന്നു. ടോസ് നേടിയ ബാറ്റു ചെയ്ത ന്യൂസിലന്‍ഡിന്  തകര്‍ച്ചയോടെയായിരുന്നു തുടക്കം. നാലു റണ്‍സെടുത്ത ഓപ്പണര്‍ ഫിന്‍ അലനെ തുടക്കത്തിലേ നഷ്ടമായി. വെറും നാലു റണ്‍സായിരുന്നു അപ്പോള്‍ ടീമിന്റെ സ്‌കോര്‍. 


21 റണ്‍സെടുത്ത ഡോവണ്‍ കോണ്‍വെ, ആറു റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരും പെട്ടെന്ന് മടങ്ങി. ഇതോടെ മൂന്നു വിക്കറ്റിന് 49 റണ്‍സ് എന്ന നിലയിലേക്ക് കിവികള്‍ പരുങ്ങി. തുടര്‍ന്ന് വില്യംസണും മിച്ചലും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കിവികളെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. പാകിസ്ഥാനു വേണ്ടി ഷഹിന്‍ഷാ അഫ്രിദി രണ്ടു വിക്കറ്റ് നേടി. മുഹമ്മദ് നവാസ് ഒരു വിക്കറ്റും നേടി.

Share to

Leave a Reply

Your email address will not be published. Required fields are marked *