Perinthalmanna Radio
Date: 06-11-2022
മെൽബൺ: സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ ജയത്തോടെ ട്വന്റി 20 ലോകകപ്പിന്റെ സെമി ലൈനപ്പായി. വ്യാഴാഴ്ച അഡലൈഡിൽ നടക്കുന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ബുധനാഴ്ച സിഡ്‌നിയിൽ നടക്കുന്ന ആദ്യ സെമിയിൽ പാകിസ്താൻ ന്യൂസിലാൻഡിനെ നേരിടും.
ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചു കളിയിൽ നാലു ജയവും ഒരു തോൽവിയും സഹിതം എട്ട് പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിയിലെത്തിയത്. അഞ്ചു കളിയിൽ മൂന്നു ജയവും രണ്ടു തോൽവിയുമായി ആറ് പോയന്റോടെ പാകിസ്താൻ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തി. നെതർലാൻഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതാണ് പാകിസ്താന് അവസാന നാലിലേക്ക് വഴിതുറന്നത്.
ഗ്രൂപ്പ് ഒന്നിൽ അഞ്ചു കളിയിൽ മൂന്നു ജയവും ഒരു തോൽവിയുമായി ഏഴ് പോയന്റ് വീതം നേടിയാണ് ന്യൂസിലാൻഡും ഇംഗ്ലണ്ടും സെമിയിലെത്തിയത്. റൺറേറ്റിന്റെ മുൻതൂക്കത്തിലാണ് ന്യൂസിലാൻഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും പാകിസ്താൻ ന്യൂസിലാൻഡിനെയും തോൽപ്പിച്ചാൽ ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്വപ്‌ന ഫൈനലിന് വേദിയൊരുങ്ങും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോൾ അവസാന പന്തിൽ ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു.