മകരം പിറന്നതോടെ ക്ഷേത്രങ്ങളിൽ ഇനി ഉത്സവാരവം
Perinthalmanna RadioDate: 15-01-2023പെരിന്തൽമണ്ണ: മകരം പിറന്നതോടെ ക്ഷേത്രങ്ങളിൽ ഉത്സവാരവം മുഴങ്ങുകയായി. കോവിഡ് കാരണം കഴിഞ്ഞ 2 വർഷം ചടങ്ങുകൾ മാത്രമായി നടത്തിയ ഉത്സവം ഇത്തവണ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കമാണെങ്ങും. പലയിടത്തും ഉത്സവക്കമ്മിറ്റികൾ സജീവമായി. ജില്ലയിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രങ്ങളിലും ഉത്സവം പതിവുണ്ട്. പൂരം, വേല, തീയാട്ട്, കലങ്കരി, ഗുരുതി, താലപ്പൊലി എന്നിങ്ങനെ ഉത്സവത്തിനും പല പേരുകൾ. ആനച്ചന്തം, പൊയ്ക്കാളകൾ, പൊയ്ക്കുതിരകൾ, പഞ്ചവാദ്യം, പഞ്ചാരി, പാണ്ടി, തായമ്പക, കളിയരങ്ങുകൾ, നാടൻകലകൾ തുടങ്ങിയവയാൽ ഉത്സവങ്ങളിലെ രാപകലുകൾ സജീവമാകും. ഭദ്രകാളിപ്പാട്ട്, വേട്ടയ്ക്കൊരുമകൻപാട്ട്, പാനപ്പാട്ട്, കളംപാട്ട്, തോൽപാവക്കൂത്ത് എന്നിവയും ഉത്സവവുമായി ബന്ധപ്പെട്ടതാണ്. ഉത്സവത്തിന്റെ വിളംബരവുമായി നാടൻകലകളായ പൂതൻ, തിറ എന്നിവ മേളസമേതം ഊരുചുറ്റൽ പതിവുണ്ട്.കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട...