വേണാട് എക്‌സ്‌പ്രസിനെ നിലമ്പൂരിലേക്ക് എത്തിക്കാൻ സമ്മർദം ശക്തമാകുന്നു

Share to



Perinthalmanna Radio
Date: 02-05-2024

നിലമ്പൂർ: വൈദ്യുതീകരണം പൂർത്തിയായി കഴിഞ്ഞു. നിലമ്പൂരിലേക്ക് ഇനി പുതിയ തീവണ്ടികൾക്ക് എത്താം.

തിരുവനന്തപുരത്തുനിന്ന് ഷൊർണൂരിലെത്തി മടങ്ങുന്ന വേണാട് എക്സ്പ്രസിന് നിലമ്പൂരിലേക്ക് എത്താൻ അധിതരുടെ അനുമതി മാത്രമേ വേണ്ടൂ.

വേണാട് നിലമ്പൂർവരെ നീട്ടണമെന്ന് നിലമ്പൂർ -മൈസൂരു റെയിൽവേ കർമസമിതി ആവശ്യപ്പെട്ടു. പി.വി. അബ്ദുൾവഹാബ് എം.പി.ക്കും ദക്ഷിണ റെയിൽവേ ജനറൽമാനേജർക്കും കർമസമിതി ഭാരവാഹികൾ കത്തയച്ചു.

പകൽ നിലമ്പൂർ -ഷൊർണൂർ പാതയിൽ തീവണ്ടി ഇല്ല എന്ന പ്രശ്‌നത്തിനു പരിഹാരമാകുകയും ചെയ്യും. മേയ് ഒന്നുമുതൽ വേണാട് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ഒഴിവാക്കിയായിരിക്കും സർവീസ് നടത്തുക. ഇതിലൂടെ ലാഭിക്കുന്ന സമയം ഷൊർണൂർ -നിലമ്പൂർ ഓടാൻ ഉപയോഗിക്കാനാവും

തിരുവനന്തപുരം -ഷൊർണൂർ വേണാട് 30 മിനിറ്റ് നേരത്തെ ആയിരിക്കും ഇനി മുതൽ എറണാകുളം നോർത്ത് -ഷൊർണൂർ റൂട്ടിൽ ഓടുക. തിരിച്ചുള്ള സമയത്തിൽ 15 മിനിറ്റ് നേരത്തേ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളിൽ വേണാട് എത്തും.

എറണാകുളം -ഷൊറണൂർ പാതയിൽ ആദ്യഘട്ടത്തിൽ 90 കി.മീ വേഗവും പിന്നീട് 160 കി.മീ. വേഗവും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്. ഈ വഴിയിൽ ആധുനിക ഇന്റർമീഡിയറ്റ് ബ്ളോക്ക് സിഗ്‌നലിങ് സംവിധാനത്തിനും ടെൻഡർ വിളിച്ചിട്ടുണ്ട്.

2025 മാർച്ച് അവസാനത്തോടെ ഷൊർണൂർ -നിലമ്പൂർ പാതയിലെ വേഗവും 75 കി.മീറ്ററിൽ നിന്ന് 110 കി.മീ. ആക്കി ഉയർത്താൻ ലക്ഷ്യമിടുന്നുണ്ട്.

26 കോച്ചിൽ കൂടുതൽ പിടിക്കാൻ നീളമുള്ള നിലമ്പൂരിലെ പ്ളാറ്റ്‌ഫോം രണ്ടിൽ 22 കോച്ചുള്ള വേണാട് പിടിക്കാം.

തുടക്കത്തിൽ നിലമ്പൂരിൽ മാത്രമേ സ്റ്റോപ്പ് സാധിക്കൂ. പിന്നീട് വാണിയമ്പലം, അങ്ങാടിപ്പുറം സ്റ്റേഷനുകളിലെ 18/16 കോച്ചുകൾ നിർത്താവുന്ന ലൈനുകൾ 24 ആക്കുന്ന മുറയ്ക്കും 24 കോച്ച് പിടിക്കാവുന്ന പുതിയ ക്രോസിങ് സ്റ്റേഷനുകളിലും നിർത്താൻ സാധിക്കും.

വേണാട് നിലമ്പൂരിലേക്ക്‌ നീട്ടുന്നതിനോടൊപ്പം കോട്ടയം-നിലമ്പൂർ-കോട്ടയം എക്‌സ്‌പ്രസിന് പാതയിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണം എന്നും നിലമ്പൂർ -മൈസൂരു റെയിൽവേ കർമ്മസമിതി ആവശ്യപ്പെടുന്നുണ്ട്.

കൂടാതെ വൈദ്യുതീകരണം പൂർത്തിയാകുമ്പോൾ, രാവിലെ 5.30 നുള്ള 06470 നിലമ്പൂർ -ഷൊറണൂർ പാസഞ്ചർ മെമു ആക്കി എറണാകുളത്തേക്കു നീട്ടി 9.50 ന് അവിടെ എത്തി തിരിച്ച് വൈകുന്നേരം നിലമ്പൂരിലെത്താനും വൈകീട്ട് 5.4 ന് എറണാകുളം വിടുന്ന എറണാകുളം -ഷൊർണൂർ മെമു ഷൊർണൂർ -നിലമ്പൂർ പാസഞ്ചറിന്റെ സമയക്രമത്തിൽ നിലമ്പൂർവരെ നീട്ടി രാത്രി 10.15ന് നിലമ്പൂർ എത്തുന്ന രീതിയിൽ ഓടിക്കുവാനും നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

പദ്ധതി നടപ്പാകുമ്പോൾ കർണാടകയിലെ ഗുണ്ടൽപ്പേട്ട മുതൽ തമിഴിനാട് നീലഗിരി ജില്ലയിലുള്ളവർക്കും വേണാട് എക്‌സ്‌പ്രസിന്റെ പ്രയോജനം ലഭിക്കും. വയനാട് ജില്ലയുടെ മലപ്പുറത്തിനോടു ചേർന്നുള്ളവർക്കും തിരുവനന്തപുരത്തേക്കു പോകാൻ ഇതാണ് സൗകര്യമെന്നും നിലമ്പൂർ -മൈസൂരു കർമസമിതി ജനറൽസെക്രട്ടറി ജോഷ്വാ കോശി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *