
Perinthalmanna Radio
Date: 27-06-2026
പെരിന്തൽമണ്ണ : കോട്ടയം–നിലമ്പൂർ എക്സ്പ്രസ് ട്രെയിനിനും മെമു സർവീസിനും ചെറുകര റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കുന്ന കാര്യത്തിൽ നിസംഗത. കോവിഡ് കാലത്തിനു മുൻപ് കോട്ടയത്തേക്കും തിരിച്ചുമുള്ള ട്രെയിനിന് മുഴുവൻ സ്റ്റേഷനുകളിലും സ്റ്റോപ്പുകൾ ഉണ്ടായിരുന്നതാണ്. എന്നാൽ കോവിഡ് കാലത്തിനു ശേഷം സർവീസ് പുനഃസ്ഥാപിച്ചപ്പോൾ നിലമ്പൂർ കഴിഞ്ഞാൽ വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ മാത്രമായിരുന്നു സ്റ്റോപ്. പരാതികൾക്കൊടുവിൽ ആദ്യം കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലും പിന്നീട് തുവ്വൂർ, വല്ലപ്പുഴ എന്നിവിടങ്ങളിൽ സ്റ്റോപ് പുനഃസ്ഥാപിച്ചെങ്കിലും ചെറുകരയിൽ സ്റ്റോപ് പുനഃസ്ഥാപിച്ചില്ല. രാവിലെ നിലമ്പൂരിൽനിന്ന് മടങ്ങുന്ന മെമു സർവീസിനും ചെറുകരയിൽ സ്റ്റോപ്പില്ല. ചെറുകര റെയിൽവേ സ്റ്റേഷനിൽനിന്ന് കോട്ടയം എക്സ്പ്രസ് ട്രെയിനിലും മെമു സർവീസിലും ഒട്ടേറെ യാത്രക്കാർ ദിവസേനയുണ്ട്. നിലവിൽ മറ്റേതെങ്കിലും വാഹനങ്ങളിൽ അങ്ങാടിപ്പുറത്തെത്തി അവിടെനിന്ന് യാത്ര തുടരുകയേ മാർഗമുള്ളൂ. അതല്ലെങ്കിൽ തൊട്ടുമുന്നിലുള്ള ഷൊർണൂർ–നിലമ്പൂർ ട്രെയിനിൽ അങ്ങാടിപ്പുറത്തെത്തണം.
സാങ്കേതിക പ്രശ്നങ്ങളാണ് ചെറുകരയിൽ സ്റ്റോപ് പുനഃസ്ഥാപിക്കാത്തതിന് കാരണമെന്നാണ് അറിവ്. അലിഗഡ് സർവകലാശാലയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമെല്ലാം ഏറെ ദുരിതമാണ് അനുഭവപ്പെടുന്നത്. ഇവിടെയുള്ള വിദ്യാർഥികളിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരുടെ തുടർയാത്രയ്ക്ക് കൊച്ചി എയർപോർട്ടിലോ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലോ എത്തേണ്ടതുണ്ട്. 4 പഞ്ചായത്തുകളിലുള്ളവർക്കും പെരിന്തൽമണ്ണ നഗരസഭയിലുള്ളവർക്കും ട്രെയിൻ യാത്രയ്ക്ക് എത്തിച്ചേരാൻ സൗകര്യപ്രദമായ സ്റ്റേഷനാണിത്. അങ്ങാടിപ്പുറം മേൽപാലത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം ഈ മേഖലയിലുള്ളവർ ആശ്രയിക്കുന്നത് ചെറുകര റെയിൽവേ സ്റ്റേഷനാണ്. പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന ഹൈവേയിൽനിന്ന് 20 മീറ്റർ മാത്രം ദൂരത്തിലാണ് ഈ സ്റ്റേഷനെന്ന പ്രത്യേകതയുമുണ്ട്.
ഷൊർണൂർ, നിലമ്പൂർ ഭാഗങ്ങളിലേക്ക് ബസ് മാർഗം രണ്ടു മണിക്കൂറിലേറെ സമയമെടുക്കുമ്പോൾ ട്രെയിൻ മാർഗം 35 മിനിറ്റു കൊണ്ട് ഇവിടങ്ങളിലെത്താം. 15 കിലോമീറ്റർ ചുറ്റളവിലുള്ള യാത്രക്കാർ കോഴിക്കോട്, എറണാകുളം, തൃശൂർ, പാലക്കാട് ഭാഗത്തേക്ക് ഉപയോഗിക്കുന്നത് ഈ സ്റ്റേഷനാണ്. ഈ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ് അനുവദിക്കുകയാണെങ്കിൽ വരുമാന വർധനയ്ക്കും വഴിതെളിയും.
അലിഗഡ് സർവകലാശാല അധികൃതർ ഇതു സംബന്ധിച്ച് രേഖാമൂലം റെയിൽവേ മന്ത്രിക്കും എംപിമാർക്കും നിവേദനം നൽകിയിട്ടുള്ളതാണ്. ഏലംകുളം, ആലിപ്പറമ്പ്, നെല്ലായ, പുലാമന്തോൾ പഞ്ചായത്തുകളും വിവിധ സ്ഥാപന മേധാവികളും ചേർന്നും നിവേദനം നൽകി. നാട്ടുകാരും വിവിധ സംഘടനകളുമെല്ലാം ഇക്കാര്യത്തിൽ നിവേദനങ്ങൾ നൽകുകയും ഒപ്പു ശേഖരണ ക്യാംപെയ്ൻ നടത്തുകയും ചെയ്തിട്ടും നടപടിയില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
