
Perinthalmanna Radio
Date: 07-12-2024
പെരിന്തൽമണ്ണ: നാടിനെ ദുഃഖത്തിലാക്കി നവവധുവിന്റെ അപകട മരണം. പാണമ്പി ഇഎംഎസ് നഴ്സിങ് കോളജിനു സമീപം പുളിക്കൽ നജ്‌മുദ്ദീന്റെ മകൾ നേഹ (22) ആണ് വാഹനാപകടത്തിൽ മരിച്ചത്. മലപ്പുറം, പൂക്കോട്ടൂർ പാറഞ്ചേരിവീട്ടിൽ അഷർ ഫൈസലുമായി കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നേഹയുടെ നിക്കാഹ്. അൽഷിഫ നഴ്സിങ് കോളജിൽ ബി.എസ്‌സി. നഴ്സിങ് അഞ്ചാംസെമസ്റ്റർ വിദ്യാർഥിനിയാണ് നേഹ. കോളേജിൽ നിന്ന് ഉച്ച ഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് ഭർത്താവിനൊപ്പം വെട്ടത്തൂർ കാപ്പിലെ ബന്ധുവീട്ടിൽപ്പോയി സത്കാരം കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. വാഹനം മറു ഭാഗത്തേക്കു കടക്കുന്നതിനിടിൽ യു ടേണിൽ തിരിക്കാനിരിക്കെ വേഗതയിലെത്തിയ ക്രെയിൻ സ്‌കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്കുവീണ നേഹ ക്രെയിനിന്റെ പിൻചക്രത്തിൽ കുടുങ്ങി. തലയ്ക്ക് സാരമായി പരിക്കേറ്റ നേഹയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം അമ്മിനിക്കാട് വെസ്റ്റ് ജുമാ മസ്ജിദിൽ കബറടക്കും. മാതാവ്: ഫളീല. സഹോദരങ്ങൾ: നിയ, സിയ.
*മരണം തട്ടിയെടുത്തത് കലയിലും പഠനത്തിലും മികവ് തെളിയിച്ച മിടുക്കിയെ*
വെള്ളിയാഴ്ച ഉച്ചയ്ക്ക് അമിതവേഗത്തിലെത്തിയ ക്രെയിൻ നേഹയുടെ ജീവൻ കവരുമ്പോൾ ആ വിവരം ഉൾക്കൊള്ളാനാവാതെ വിറങ്ങലിച്ച അവസ്ഥയിലാണ് അമ്മിനിക്കാട് പാണമ്പി എന്ന നാടും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരുമെല്ലാം.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നേഹയുടെ ഇൻക്വസ്റ്റ് നടക്കുമ്പോൾ വിവിധ ആശുപത്രികളിലായി അവളുടെ അഞ്ച് സുഹൃത്തുക്കൾ ഒബ്സർവേഷൻ വാർഡുകളിൽ തളർന്നുകിടപ്പുണ്ടായിരുന്നു. നേഹയുടെ മരണവാർത്തയറിഞ്ഞ് തളർന്നുവീണതാണവർ. സുഹൃത്തുകൾക്ക് അത്രയേറെ പ്രിയപ്പെട്ടവളായിരുന്നു അവൾ.
നേഹ പഠനത്തിലും കലോത്സവവേദികളിലും ഒരേപോലെ തിളങ്ങിയിരുന്നുവെന്ന് സ്വകാര്യ ആശുപത്രിയുടെ ഇൻക്വസ്റ്റ് റൂമിനടുത്തുനിന്ന് കണ്ണീരോടെ അധ്യാപകരും സുഹൃത്തുക്കളും പറയുന്നു.
താഴേക്കോട് പി.ടി.എം.എച്ച്.എസ്.എസിലാണ് പ്ലസ് ടു വരെ പഠിച്ചത്. നാടകത്തിലും ഒപ്പനയിലും സ്ഥിരം സാന്നിധ്യമായിരുന്നു. ഒപ്പം പേപ്പർ ഉപയോഗിച്ചുള്ള ആർട്ട് വർക്കുകളും ചെയ്തിരുന്നു.
പത്തിലും പ്ലസ് ടുവിനും മുഴുവൻ എ പ്ലസ് നേടിയാണ് പാസായത്. തുടർന്നാണ് അൽഷിഫ നഴ്സിങ് കോളേജിൽ ബി.എസ്.സി. നഴ്സിങ്ങിന് എത്തുന്നത്.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ബന്ധുവീട്ടിലേക്ക് ഭർത്താവിനൊപ്പം പോയ നേഹ ഇനി മടങ്ങിവരില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇനിയുമായിട്ടില്ല സഹപാഠികൾക്ക്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
