
Perinthalmanna Radio
Date: 24-09-2025
അങ്ങാടിപ്പുറം: കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടെന്ന വാർത്തയെ തുടർന്ന് തിരൂർക്കാട് പ്രദേശം പുലി ഭീതിയിൽ. വൈകുന്നേരം ആകുന്നതോടെ നെല്ലിക്ക പറമ്പ് പ്രദേശത്തും പരിസരങ്ങളിലും ജനം പുറത്തിറങ്ങാൻ ഭയക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പള്ളിയിൽ പോവുകയായിരുന്ന പത്താം ക്ലാസുകാരനും അതേ ദിവസം തന്നെ നാട്ടുകാരനായ മറ്റൊരാളും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. തുടർന്ന് വനം വകുപ്പ് അധികൃതർ പ്രദേശത്ത് പരിശോധിച്ചെങ്കിലും പുലി സാന്നിധ്യം കണ്ടെത്തിയില്ല. എന്നാൽ, മണ്ണാർ മലയുമായി ബന്ധമുള്ള പ്രദേശം എന്ന നിലക്ക് പ്രദേശം പുലിയുടെ സഞ്ചാരപഥം ആകാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. ഞായറാഴ്ച രാവിലെ വീണ്ടും പ്രദേശത്ത് കൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മ പുലിയെ കണ്ടെന്ന വാർത്തയെ തുടർന്ന് പ്രദേശം വീണ്ടും ഭീതിയിലാണ്. നാട്ടുകാർ കർമസമിതി രൂപവത്കരിച്ച് സി.സി.ടി.വി ക്യാമറകൾ വെക്കാനുള്ള ശ്രമത്തിലാണ്.
പുലിയെ കണ്ടെന്നു പറയുന്ന നെല്ലിക്കാപറമ്പ് പരിസരങ്ങളിലുള്ള കാടുകൾ വെട്ടി തെളിക്കാൻ ഗ്രാമ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. മണ്ണാർമലയിൽ ദിവസങ്ങളായി പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് തിരൂർക്കാട് ഭാഗത്തും രണ്ട് ദിവസങ്ങളിലായി പുലിയെ കണ്ടെന്ന വാർത്ത പരന്നത്. സ്കൂൾ വിദ്യാർഥികൾ അടക്കം നടന്നു പോകുന്ന പ്രദേശമാണ് ഇവിടം. അതിനാൽ ജനങ്ങളുടെ ഭീതി അകറ്റാൻ അധികൃതർ ഇടപെട്ട് വേണ്ടത് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
