
Perinthalmanna Radio
Date: 23-01-2026
പട്ടിക്കാട് : യാത്രക്കാരുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ കൂടുതൽ സൗകര്യങ്ങൾ തേടുകയാണ് ഷൊർണൂർ–നിലമ്പൂർ പാതയിലെ പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ.
യുപിഎ സർക്കാരിന്റെ കാലത്ത് പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ ആദർശ് സ്റ്റേഷനായി ഉയർത്തി. 2010 ജൂൺ 16 ന് അന്നത്തെ കേന്ദ്ര റെയിൽവേ സഹമന്ത്രി ഇ.അഹമ്മദ് ആണ് പുനർ നിർമാണം നടത്തിയ പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.
അങ്ങാടിപ്പുറം കഴിഞ്ഞാൽ പാതയിൽ കൂടുതൽ യാത്രക്കാരുള്ളത് പട്ടിക്കാട് റെയിൽവേ സ്റ്റേഷനിലാണ്. ഇവിടെ രാജ്യറാണി ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പുണ്ട്.
18 ബോഗികൾക്ക് നിർത്താവുന്ന റെയിൽവേ പ്ലാറ്റ്ഫോം നിലവിൽ ഉണ്ടെങ്കിലും മേൽക്കൂരയില്ല.
യാത്രക്കാർക്ക് വെയിലും മഴയും സഹിച്ച് വേണം ഇവിടെ ട്രെയിനിൽ കയറാൻ. നിലവിൽ 4 പേർക്ക് വീതം ഇരിക്കാവുന്ന 3 വെയ്റ്റിങ് ഷെഡ്ഡുകളാണ് പ്ലാറ്റ്ഫോമിൽ ഉള്ളത്.
പ്ലാറ്റ്ഫോമിൽ മേൽക്കൂരയും യാത്രക്കാർക്ക് ഇരിക്കാൻ കൂടുതൽ സൗകര്യങ്ങളും ഒരുക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ ഇത് ഹാൾട്ട് സ്റ്റേഷനാണ്. ഇത് പൂർണ സ്റ്റേഷനാക്കുകയും ട്രെയിൻ റിസർവേഷൻ സൗകര്യം ഒരുക്കുകയും വേണം. റെയിൽവേ സ്റ്റേഷനും പ്ലാറ്റ്ഫോമും നിത്യവും ശുചീകരിച്ച് മാലിന്യമുക്തമാക്കാൻ നടപടി വേണം. സ്ഥിരം നിയമനത്തിന് തടസ്സമുണ്ടെങ്കിൽ താൽക്കാലിക ജീവനക്കാരെ നിയമിച്ചോ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിയോ പരിഹാരം തേടാവുന്നതാണ്.
പ്ലാറ്റ്ഫോമിനോട് ചേർന്ന് അപകടാവസ്ഥയിലുള്ള പടുകൂറ്റൻ മരങ്ങളുണ്ട്. ഇവ നീക്കം ചെയ്യാനും നടപടി വേണം. ശുചിമുറികൾ, ശുദ്ധജല വിതരണ സംവിധാനം, വൈദ്യുതി നിലച്ചാലും വെളിച്ചം ലഭിക്കാനുള്ള സംവിധാനം എന്നിവയൊക്കെ മെച്ചപ്പെടുത്തേണ്ടതുണ്ട്. മഞ്ചേരി, പാണ്ടിക്കാട്, കീഴാറ്റൂർ, വെട്ടത്തൂർ, വലമ്പൂർ പ്രദേശങ്ങളിലെ യാത്രക്കാർക്ക് പുറമേ എംഇഎ എൻജിനീയറിങ് കോളജ്, ജാമിഅ: നൂരിയ്യ കോളജ്, ശാന്തപുരം കോളജ്, അൽഷിഫ ഫാർമസി കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ജീവനക്കാരും ട്രെയിൻ യാത്രയ്ക്ക് എത്തുന്നത് പട്ടിക്കാട് റെയിൽവേ സ്റ്റേഷനിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
