
Perinthalmanna Radio
Date: 09-02-2026
പെരിന്തൽമണ്ണ: നഗരത്തിലൂടെ ഒഴുകുന്ന ചെറുപുഴയിലേക്ക് കക്കൂസ് മാലിന്യമടക്കമുള്ള മലിനജലം വ്യാപകമായി ഒഴുക്കി വിടുന്നതിനെതിരെ അധികൃതർ നടപടി കർശനമാക്കി. തഹസിൽദാറുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന നടത്തി. ഹോട്ടലുകൾ, ഫ്ലാറ്റുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മലിനജലം നേരിട്ട് ഓടകളിലൂടെ പുഴയിലേക്ക് എത്തുന്നതായി പരിശോധനയിൽ കണ്ടെത്തി.
വേനൽ കടുക്കുമ്പോഴും നഗരത്തിലെ ഓടകളിലൂടെ ദുർഗന്ധം വമിക്കുന്ന മലിനജലം കുത്തിയൊഴുകുകയാണ്. പല കെട്ടിടങ്ങളിൽ നിന്നും പൈപ്പുകൾ വഴി നേരിട്ട് കക്കൂസ് മാലിന്യം ഓടകളിലേക്ക് തള്ളുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വരും ദിവസങ്ങളിൽ ഓടകളുടെ സ്ലാബുകൾ ഉയർത്തി കൂടുതൽ വിശദമായ പരിശോധന നടത്താൻ സംഘം തീരുമാനിച്ചു.
ചെറുപുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യം അങ്ങാടിപ്പുറം തിരുമാന്ധാകുന്ന് ക്ഷേത്രക്കടവിൽ വന്നടിയുന്നത് ഭക്തർക്കും വലിയ പ്രയാസമുണ്ടാക്കിയിരുന്നു. ക്ഷേത്രത്തിലെ ആറാട്ടുൾപ്പെടെയുള്ള പ്രധാന ചടങ്ങുകളെ ഇത് ബാധിച്ചതോടെയാണ് വിഷയം വലിയ ജനശ്രദ്ധ നേടിയത്. താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്ന ശക്തമായ പരാതിയെ തുടർന്നാണ് അടിയന്തര പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്.
നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ നോട്ടീസ് നൽകും. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാത്തവർക്കെതിരെ വൻ തുക പിഴ ഈടാക്കാനും കെട്ടിടങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനും അധികൃതർ തീരുമാനിച്ചു.
പെരിന്തൽമണ്ണ തഹസിൽദാർ വേണുഗോപാൽ, നഗരസഭ ക്ലീൻ സിറ്റി മാനേജർ വത്സൻ, അങ്ങാടിപ്പുറം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മൈനർ ആൻഡ് മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
