
Perinthalmanna Radio
Date: 02-04-2026
അങ്ങാടിപ്പുറം ∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ എട്ടാം പൂരത്തോടനുബന്ധിച്ച് ഇന്നലെ ഭഗവതിയും ശിവനും ഒന്നിച്ച് ആറാട്ടിനെഴുന്നള്ളി. രണ്ടു ദേവ ചൈതന്യങ്ങളെയും കൺകുളിർക്കെ കണ്ടു വണങ്ങി അനുഗ്രഹം തേടാനും എഴുന്നള്ളിപ്പിന്റെ ഭാഗമാകാനും ആയിരക്കണക്കിനു ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു.
ഗജവീരന്മാരായ ഗുരുവായൂർ ജൂനിയർ വിഷ്ണു ശിവന്റെയും കേളശ്ശേരി കണ്ണൻ ഭഗവതിയുടെയും തിടമ്പേറ്റി. ഭഗവതിയുടെ തിടമ്പ് നാലമ്പലത്തിൽനിന്ന് വടക്കേ നടവഴിയും ശിവന്റെ തിടമ്പ് കിഴക്കേ നടവഴിയുമാണ് പുറത്തേക്ക് എഴുന്നള്ളിച്ചത്. ഒന്നിച്ച് പ്രദക്ഷിണം വച്ച് ആയിരക്കണക്കിന് ഭക്തരുടെ അകമ്പടിയിൽ ആറാട്ടിനായി വടക്കേ നടയിറങ്ങി. കൊടിക്കൂറകൾ, പട്ടുടുത്ത് വാളും പരിചയുമേന്തിയ ഭടന്മാർ, ട്രസ്റ്റി പ്രതിനിധി രാജരാജൻ തമ്പുരാൻ ഉൾപ്പെടെയുള്ള സ്ഥാനികൾ, ഉടവാളേന്തി ഉറഞ്ഞുതുള്ളുന്ന കോമരങ്ങൾ, ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ എഴുന്നള്ളിപ്പിന്റെ ഭാഗമായി.
ക്ഷേത്രം മേൽശാന്തി പന്തലക്കോടത്ത് ശ്രീനാഥ് നമ്പൂതിരി ആറാട്ട് പൂജയ്ക്ക് കാർമികത്വം വഹിച്ചു. ആറാട്ടു കഴിഞ്ഞ് മേളത്തോടെയായിരുന്നു കൊട്ടിക്കയറ്റം. വേളം കഴിഞ്ഞ് ഭഗവതിയുടെ തിടമ്പ് മാതൃശാലയിലേക്ക് എഴുന്നള്ളിച്ചു. ശിവന്റെ തിടമ്പ് ക്ഷാത്രാങ്കണത്തിൽ 21 പ്രദക്ഷിണ ശേഷം ഭക്തിയുടെ പാരമ്യത്തിൽ കൊടിയിറക്കി ശിവന്റെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചതോടെ പൂരക്കാലത്തെ ശിവന്റെ ഉത്സവം സമാപിച്ചു. 25 കലശമാടി ഉച്ചപൂജയും നവകവും ശിവനും ഭഗവതിക്കും ശ്രീഭൂതബലിയും നടത്തി.
ഇന്നലെ രാവിലെ തിരുവാതിരക്കളിയോടെയായിരുന്നു ഉത്സവത്തുടക്കം. പതിവു പരിപാടികളായ ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ, നാദസ്വരം, പാഠകം, തായമ്പക, കേളി, കൊമ്പുപറ്റ് എന്നിവയും കോട്ടയ്ക്കൽ പ്രണവാഞ്ജലി നൃത്തകലാക്ഷേത്രയുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം ഒരുക്കിയ സംഗീതക്കച്ചേരി സവിശേഷ കലാവിരുന്നായി. ഇടപ്പള്ളി അജിത്കുമാർ(വയലിൻ), ദേവീപ്രസാദ് അങ്ങാടിപ്പുറം (മൃദംഗം), വാഴപ്പള്ളി ആർ കൃഷ്ണകുമാർ (ഘടം), പയ്യന്നൂർ ഗോവിന്ദപ്രസാദ്( മുഖർശംഖ്) എന്നിവർ പക്കമേളമൊരുക്കി. രാത്രിയിലെ ആറാട്ടെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.
ഇന്ന് ഒൻപതാം പൂരത്തോടനുബന്ധിച്ച് വൈകിട്ട് 5.30ന് ജയവിജയന്മാരിലെ വിജയന്റെ പുത്രൻ മഞ്ജുനാഥ് വിജയ് ഒരുക്കുന്ന അയ്യപ്പഗാനാമൃതവും രാത്രി 9.30ന് പിന്നണി ഗായകൻ പ്രണവം ശശിയും സംഘവും ഒരുക്കുന്ന നാട്ടുചന്തം നാടൻപാട്ടുകളുമാണ് അരങ്ങേറുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
