
Perinthalmanna Radio
Date: 02-04-2026
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ സുരക്ഷാ പ്രതലം നീളം കൂട്ടുന്ന പ്രവൃത്തിയിൽ മെല്ലെപ്പോക്ക്. മാർച്ചിനകം പൂർത്തിയാക്കേണ്ട പദ്ധതിയുടെ, പകുതിയോളം ജോലി ഇനിയും ബാക്കി. മഴ ശക്തമാകും മുൻപേ പ്രവൃത്തിയിൽ പുരോഗതിയില്ലെങ്കിൽ കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് ഇനിയും വൈകും.
കഴിഞ്ഞ തവണത്തെ വിമാനത്താവള വികസന സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്തപ്പോൾ മാർച്ചിൽ 80% പ്രവൃത്തി പൂർത്തിയാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. മഴയും മണ്ണ് ലഭ്യതയും മറ്റുമായി പലതരത്തിലുള്ള പ്രശ്നങ്ങൾ പ്രവൃത്തിയെ ബാധിച്ചതായും ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും 80% മാർച്ചിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, പ്രവൃത്തിയിലെ മെല്ലെപ്പോക്ക് വീണ്ടും ചർച്ചയാകുകയാണ്.
റൺവേയുടെ രണ്ടറ്റങ്ങളിലും 90 മീറ്റർ വീതം റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) ആണ് ഉണ്ടായിരുന്നത്. അത് 240 മീറ്റർ വീതമാക്കാൻ 150 മീറ്റർ വീതമാണ് രണ്ടിടത്തും നീളം കൂട്ടുന്നത്. അതിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ സ്ഥലത്ത് മണ്ണിട്ട് ഉയർത്തുന്ന ജോലിക്ക് വേഗം പോരെന്നാണ് ആക്ഷേപം.
ഉപദേശക സമിതി കോ–ചെയർമാൻ എം.കെ.രാഘവൻ എംപി ഇതുസംബന്ധിച്ച് എയർപോർട്ട് ഡയറക്ടറോട് മാർച്ച് ഏഴിനു കത്തു നൽകിയിരുന്നു. എംപിയുടെ ചോദ്യങ്ങൾക്ക് എയർപോർട്ട് ഡയറക്ടർ നൽകിയ മറുപടിയനുസരിച്ച് 48% പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിലായാണ് റെസ നീളം കൂട്ടൽ. നെടിയിരുപ്പ് ഭാഗത്ത് റെസയുടെ പ്രവൃത്തിക്ക് ഇനി ഏകദേശം 16.4 മീറ്റർ ഉയരത്തിൽ മണ്ണ് നിറയ്ക്കേണ്ടതുണ്ട്. പള്ളിക്കൽ ഭാഗത്ത് ഏകദേശം 26.5 മീറ്റർ ഉയരത്തിലും മണ്ണ് നിറയ്ക്കണം എന്നും മറുപടിയിലുണ്ട്.
2020 ഓഗസ്റ്റിലെ വിമാനാപകടത്തെത്തുടർന്നാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണമുണ്ടായത്. ഡിജിസിഎ നിർദേശമനുസരിച്ച് റെസയുടെ വിപുലീകരണം കഴിഞ്ഞാലേ വലിയ വിമാനങ്ങൾ തിരിച്ചെത്തൂ. നിലവിൽ, രാത്രിയിലും ജോലി നടക്കുന്നുണ്ട്. ശേഷിക്കുന്ന ജോലി വേഗത്തിൽ പൂർത്തിയാക്കാനായില്ലെങ്കിൽ കോഴിക്കോട് വിമാനത്താവളത്തിന്റെ വലിയ പ്രതീക്ഷകളിൽ ആശങ്കകൾ നിറയും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
